LiveTV

Live

National

കശ്മീര്‍; സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം ചേര്‍ന്നു

കശ്മീര്‍; സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം ചേര്‍ന്നു

ജമ്മുകശ്മീരിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തലയോഗം ചേര്‍ന്നു. കശ്മീരിന് പ്രത്യേക സ്വയം ഭരണാവകാശം നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉപദേശം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. നാളെ നിര്‍ണായക മന്ത്രിസഭ യോഗം ചേരാനും പാര്‍ലമെന്റ് സമ്മേളന ശേഷം അമിത് ഷാ ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലെ സര്‍ക്കാര്‍ നീക്കങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന ആവശ്യം പ്രതിപക്ഷം നാളെ പാര്‍ലമെന്റില്‍ ഉന്നയിക്കും.

ജമ്മുകശ്മീരുമായി ബന്ധപ്പെട്ട് നിര്‍ണായകമായ നീക്കങ്ങളാണ് നടക്കുന്നത്. സുരക്ഷ മുന്നറിയിപ്പിനും അധിക സേനാ വിന്യാസത്തിനും പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തലയോഗം ചേര്‍ന്നു. ആഭ്യന്തര സെക്രട്ടറി രാജീവ് ചൌബെ, സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ അടക്കമുള്ളവര്‍ പാര്‍ലമെന്റില്‍ യോഗത്തിനെത്തി. ജമ്മു കശ്മീരിലെ സാഹചര്യവും തുടര്‍ നീക്കവും ചര്‍ച്ചയായി. നാളെ 9.30ന് മന്ത്രിസഭ യോഗം ചേരും.

കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് ഭൂമി ഉടമസ്ഥത അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്ന ഭരണഘടനയിലെ 35 എ അനുഛേദവും കശ്മീരിന് പ്രത്യേക സ്വയം ഭരണ അവകാശം നല്‍കുന്ന 370ആം വകുപ്പും പിന്‍വലിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉപദേശം തേടിയതായാണ് വിവരം. തീരുമാനം കൈകൊണ്ടാല്‍ സഭാ സമ്മേളനം ദിനങ്ങള്‍ ശേഷിക്കുന്നതിനാല്‍ തടസമില്ലാതെ അവതരിപ്പിക്കാം. പാര്‍ലമെന്റ് സമ്മേളന ശേഷം ആഭ്യന്തരമന്ത്രി അമിത് ഷായുടെ ത്രിദിന ജമ്മുകശ്മീര്‍ സന്ദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. കശ്മീരില്‍ സര്‍ക്കാര്‍ നടത്തിയ അടിയന്തര നീക്കം സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് നാളെ സഭയില്‍ ശക്തമായി ഉന്നയിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. സുരക്ഷ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂരിഭാഗം അമര്‍നാഥ് തീര്‍ത്ഥാടകരും സഞ്ചാരികളും വിദ്യാര്‍ത്ഥികളും കശ്മീര്‍ വിട്ടു.

അതേസമയം ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 7 പേരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ പാകിസ്താന് നിര്‍ദേശം നല്‍കിയിട്ടും തയ്യാറായില്ലെന്ന് കരസേന വ്യക്തമാക്കി. ഏറ്റുമുട്ടല്‍ നടന്നെന്നത് ഇന്ത്യയുടെ കള്ളപ്രചാരണമാണെന്നാണ് പാക് പ്രതികരണം.