LiveTV

Live

National

നിനക്കും മക്കൾക്കും കഴിഞ്ഞ കുറച്ച്‌ വർഷങ്ങൾ അത്ര സുഖമുള്ളതായിരുന്നില്ല, നിങ്ങളാണ് എന്റെ ശക്തിയും പ്രചോദനവും; ശ്വേതക്കും മക്കള്‍ക്കും സഞ്ജീവ് ഭട്ടിന്റെ വികാരനിര്‍ഭരമായ കത്ത്

സഞ്ജീവ് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് അദ്ദേഹത്തിന്റെ തന്നെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ശ്വേത പങ്കുവച്ചത്  

 നിനക്കും മക്കൾക്കും കഴിഞ്ഞ കുറച്ച്‌ വർഷങ്ങൾ അത്ര സുഖമുള്ളതായിരുന്നില്ല, നിങ്ങളാണ് എന്റെ ശക്തിയും പ്രചോദനവും;  ശ്വേതക്കും മക്കള്‍ക്കും സഞ്ജീവ് ഭട്ടിന്റെ വികാരനിര്‍ഭരമായ കത്ത്

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് കുടുംബത്തിനെഴുതിയ വികാരനിര്‍ഭരമായ കത്ത് പങ്കുവച്ച് ഭാര്യ ശ്വേത ഭട്ട്. സഞ്ജീവ് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് അദ്ദേഹത്തിന്റെ തന്നെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ശ്വേത പങ്കുവച്ചത്.

‘ഞാൻ എന്തെങ്കിലുമൊക്കെയാണെങ്കിൽ അത്‌ നിങ്ങൾ കാരണമാണ്‌. നിങ്ങളാണ് എന്റെ ശക്തിയും പ്രചോദനവും. എല്ലാ തടസങ്ങളെയും നേരിടാൻ എന്റെ ആശയത്തിനും ആദർശത്തിനും ഇന്ധനം പകർന്നത്‌ നിങ്ങളാണ്‌. നിനക്കും മക്കൾക്കും കഴിഞ്ഞ കുറച്ച്‌ വർഷങ്ങൾ അത്ര സുഖമുള്ളതായിരുന്നില്ല. അധ്വാനിച്ചുണ്ടാക്കി സ്‌നേഹത്തോടെ സൂക്ഷിച്ച വീട്‌ ഇല്ലാതാകുന്നത്‌ നിസഹായതയോടെ നോക്കിനിൽക്കേണ്ട അവസ്ഥയുണ്ടായതിന്‌ ഞാൻ മാപ്പുചോദിക്കുന്നു’- സഞ്ജീവ്‌ ഭട്ട്‌ കത്തില്‍ കുറിക്കുന്നു. അഹമ്മദാബാദ്‌ മുൻസിപ്പൽ കോർപ്പറേഷൻ അനധികൃതമെന്ന്‌ പ്രഖ്യാപിച്ച വീട്‌ കഴിഞ്ഞ വർഷമാണ്‌ അധികൃതർ തകർത്തത്‌.

അതിശയിപ്പിക്കുന്ന ധീരതയോടെ പ്രതിസന്ധികളെ ശ്വേത ഒറ്റയ്‌ക്ക്‌ നേരിട്ടെന്നും അനീതിക്കെതിരെ പോരാടാനുള്ള അവരുടെ ശക്തിക്കും ധൈര്യത്തിനും ദൃഢനിശ്ചയത്തിനും രാജ്യം മുഴുവൻ സാക്ഷിയായെന്നും സഞ്ജീവ്‌ കത്തിൽ പറയുന്നു.ഇരുണ്ട നാളുകളിൽ തനിക്കും കുടുംബത്തിനും ഒപ്പം നിന്നവർക്കും ധൈര്യശാലികളായ സുഹൃത്തുകൾക്കും ഭട്ട് കത്തിലൂടെ നന്ദി പറയുന്നുണ്ട്.

തന്റെ മക്കളെക്കുറിച്ചും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്. ആകാശിയെപ്പോലെ സ്നേഹമുള്ള ഒരു മകളെ കിട്ടിയത് തന്റെ ഭാഗ്യമാണ്. എപ്പോഴും അമ്മയുടെ കൂടെ നില്‍ക്കുന്നതിന് മകന്‍ ശന്തനുവിനോട് നന്ദി പറയുന്നതായും അദ്ദേഹം കത്തില്‍ കുറിച്ചു.

'' ഷാന്‍, എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും അതിന്റേതായ വെല്ലുവിളിയുണ്ട്, പരിണിത ഫലങ്ങളും. അതുകൊണ്ട് എനിക്ക് വിഷമമില്ല. എല്ലാ അപവാദങ്ങൾക്കും പീഡനത്തിനും പ്രതിബന്ധങ്ങൾക്കും എതിരെ ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നുവെന്നതിന്റെ സ്ഥിരീകരണമായി ഞാൻ ഇതിനെ കരുതുന്നു, എന്നാൽ ചില സമയങ്ങളിൽ ഇതിലൊരു പങ്ക് നിങ്ങളുടെ മേൽ അടിച്ചതിൽ എനിക്ക് ഒരു ചെറിയ കുറ്റബോധം തോന്നുന്നു. എന്നിട്ടും നിങ്ങളായി തന്നെ നിലനിന്നതില്‍ എനിക്ക് അഭിമാനമുണ്ട്'' സഞ്ജീവ് ഭട്ട് കത്തില്‍ കുറിച്ചു.

1990ല്‍ വര്‍ഗീയ കലാപം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 1990ല്‍ വര്‍ഗീയ കലാപം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. ഗുജറാത്ത് വംശഹത്യാകേസില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മൊഴി കൊടുത്ത ഉദ്യോഗസ്ഥന്‍ കൂടിയാണ് സഞ്ജീവ് ഭട്ട്.

Also read: 30 വര്‍ഷം മുൻപത്തെ കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ