LiveTV

Live

National

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ തീരുമാനം

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുതിയ കോണ്‍ഗ്രസ്  അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍  തീരുമാനം

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാന്‍ തീരുമാനം. ആഗസ്റ്റ് 10ന് 11മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് നീക്കം.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം രാജിവെക്കുന്നതായി അറിയിച്ചത്. 25ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ ഔദ്യോഗികമായി രാജി അറിയിക്കുകയും ജൂലൈ 12ന് രാജി കത്ത് പുറത്ത് വിടുകയും ചെയ്തു.എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളുണ്ടായില്ല. ഈ സാഹചര്യത്തില്‍ നേതാക്കളില്‍ ഒരു വിഭാഗം ശക്തമായ പ്രതിഷേധം പരസ്യമായി അറിയിച്ച് രംഗത്തെത്തിയതോടെയാണ് ഉടന്‍ പ്രവര്‍ത്തക സമിതി വിളിക്കാനുള്ള തീരുമാനമെടുത്തത്. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷമുള്ള ശനിയാഴ്ച യോഗം ചേരാനാണ് തീരുമാനം.

ഇപ്പോഴും ഒറ്റപേരിലേക്ക് എത്താന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ആയിട്ടില്ല. മുതിര്‍ന്ന നേതാക്കളില്‍ നിന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ, യുവ നേതാക്കളില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കാണ് മുന്‍ തൂക്കം. പ്രിയങ്ക ഗാന്ധി അധ്യക്ഷയായി വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. യുവ നേതാവ് അധ്യക്ഷനാകണം എല്ലാ അംഗങ്ങളും രാജിവെച്ച് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിലൂടെ പുനസംഘടിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ കാപ്റ്റന്‍ അമരീന്ദര്‍ അടക്കമുള്ള നേതാക്കള്‍ ഉന്നയിച്ചിരുന്നു. ആവശ്യം പ്രവര്‍ത്തക സമിതിയിലും ആവര്‍ത്തിക്കും.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലേക്ക് ചര്‍ച്ചകള്‍ കടക്കും.