LiveTV

Live

National

ഉന്നാവ് വാഹനാപകടത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി എം.എല്‍.എ

വെന്‍റിലേറ്ററില്‍ തുടരുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.

ഉന്നാവ് വാഹനാപകടത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി എം.എല്‍.എ

ഉന്നാവ് വാഹനാപകടത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാര്‍ സി.ബി.ഐക്ക് മൊഴി നല്‍കി. സീതാപൂര്‍ ജയിലിലെത്തിയാണ് സി.ബി.ഐ എം.എല്‍.എയെ ചോദ്യം ചെയ്തത്. അതേസമയം വെന്‍റിലേറ്ററില്‍ തുടരുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.

യുവതിക്ക് ന്യൂമോണിയ ബാധിച്ചുവെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. നിലവില്‍ വിചാരണത്തടവുകാരനായ കുല്‍ദീപ് സിങ് സെംഗറിനെ സീതാപൂര്‍ ജയിലിലെത്തിയാണ് ‌മൂന്നംഗ സിബിഐ സംഘം ചോദ്യം ചെയ്തത്. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണ് ചിലരെന്നും തനിക്ക് വാഹനപകടത്തില്‍ യാതൊരു പങ്കുമില്ലെന്നും സെംഗാര്‍ സിബിഐയോട് പറഞ്ഞു.

കുല്‍ദീപിന്‍റെ കൈയ്യിലുണ്ടായിരുന്ന തോക്കിന്‍റെ ‌ലൈസന്‍സ് അധികൃതര്‍ റദ്ദാക്കി. 2017 ബലാത്സംഗകേസില്‍ വിചാരണത്തടവുകാരനായ ശേഷം ലൈസന്‍സ് റദ്ദാക്കാന്‍ സിബിഐ ശിപാര്‍ശ ചെയ്തെങ്കിലും നടപടിയുണ്ടായിരുന്നില്ല. അതിനിടെ മറ്റൊരു സിബിഐ സംഘം ചികിത്സയില്‍ കഴിയുന്ന അഭിഭാഷകന്‍ മഹേന്ദ്ര സിങിന്‍റെ മൊഴിയും രേഖപ്പെടുത്തി. ‌

എതിരെ വന്ന ട്രക്ക് അമിതവേഗതയിലായിരുന്നു. ട്രക്ക് റോങ് സൈഡില്‍ വരുന്നത് കണ്ട് വെട്ടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ലെന്ന് അഭിഭാഷകന്‍ മൊഴി നല്‍കി. അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് അഭിഭാഷകനെ ഇന്നലെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു.

അതേസമയം പെണ്‍കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് ന്യൂമോണിയ ബാധിച്ചത് ആശങ്കക്കിടയാക്കി. ഒരാഴ്ചക്കകം പൂര്‍ത്തീകരിക്കണമെന്നതിനാല്‍ സിബിഐ അന്വേഷണം അതീവ വേഗതയിലാണ് മുന്നോട്ടുപോകുന്നത്. ‌