LiveTV

Live

National

അസാധാരണ സൈനിക നീക്കം; കശ്മീരിൽ പരിഭ്രാന്തി 

കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് എടുത്തുമാറ്റാൻ കേന്ദ്രം ഒരുങ്ങുന്നുവെന്ന് അഭ്യൂഹം

അസാധാരണ സൈനിക നീക്കം; കശ്മീരിൽ പരിഭ്രാന്തി 

അമർനാഥ് യാത്രികരോടും വിനോദസഞ്ചാരികളോടും അടിയന്തരമായി മടങ്ങാൻ ആവശ്യപ്പെട്ടതും വൻതോതിലുള്ള സൈനിക നീക്കവും ജമ്മു കശ്മീരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. അമർനാഥ് യാത്രികർക്കു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് അസാധാരണമായ നടപടികൾ.

അതേസമയം, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് എടുത്തുമാറ്റാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിവയെന്ന് രാഷ്ട്രീയകക്ഷികൾ ആരോപിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ സംയുക്തമായി ഗവർണർ സത്യപാൽ മാലിക്കിനെ കണ്ടു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ കശ്മീരിൽ അധികമായി 35,000 സൈനികരെയാണ് കേന്ദ്രസർക്കാർ അധികമായി വിന്യസിച്ചത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തിപകരാനായി 100 പേരടങ്ങുന്ന 100 കമ്പനി അർധസൈനികരെ വിന്യസിച്ചതിനു പിന്നാലെ ഈയാഴ്ച 25,500 പേരെകൂടി താഴ് വരയിലെത്തിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കശ്മീരിൽ സന്ദർശം നടത്തിയതിനു പിന്നാലെയായിരുന്നു ഈ അസാധാരണ നീക്കം.

സൈനിക നീക്കത്തിനു പിന്നാലെ തീർത്ഥാടകരോടും സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരോടും മടങ്ങാൻ ആവശ്യപ്പെട്ടതാണ് ആശങ്കക്ക് കാരണമായിരിക്കുന്നത്. സർക്കാർ ഉത്തരവിന് പിന്നാലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും വൻതിരക്ക് അനുഭവപ്പെട്ടു. പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസ് നടത്താൻ ആഭ്യന്തര വിമാനകമ്പനികളോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടിട്ടുണ്ട്. നിലവിലെ സാഹചര്യം പൊതുജനങ്ങളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കശ്മീരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

35 എ വകുപ്പ് പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മഹ്ബൂബ മുഫ്തി വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾക്കൊപ്പം ഗവർണർ സത്യപാൽ മാലിക്കിനെ കണ്ടു. ജമ്മു കശ്മീർ ജനതയുടെ ത്യാഗങ്ങൾ വൃഥാവിലാവില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തണമെന്നും സംസ്ഥാനത്തിന്റെ പ്രത്യേക പദവിയെ തൊട്ട് കളിക്കരുതെന്നും പത്രസമ്മേളനത്തിൽ അവർ ആവശ്യപ്പെട്ടു. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച മഹ്ബൂബ പിന്നീട് പീപ്പിൾ കോൺഫറൻസ് ചെയർമാൻ സജാദ് ലോണിനെയും മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളെയും കണ്ടു. ഇവരൊന്നിച്ചാണ് ഗവർണറെ കാണാൻ പോയത്. തങ്ങളുടെ ആശങ്കകൾ കേന്ദ്ര സർക്കാറിനെ ധരിപ്പിക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയെങ്കിലും ആ ഉറപ്പിൽ തൃപ്തരല്ലെന്ന് മഹ്ബൂബ പറഞ്ഞു.