LiveTV

Live

National

യു.എ.പി.എ ഭേദഗതി രാജ്യസഭ കോണ്‍ഗ്രസ് പിന്തുണയോടെ പാസാക്കി; എതിര്‍ത്തത് ലീഗും സി.പി.എമ്മും ഉള്‍പ്പെടെ 11 പാര്‍ട്ടികള്‍ 

വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. സി.പി.എമ്മും സി.പി.ഐയും ‌ലീഗുമടക്കമുള്ള പാര്‍ട്ടികളിലെ 42 എം.പിമാര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

 യു.എ.പി.എ ഭേദഗതി രാജ്യസഭ കോണ്‍ഗ്രസ് പിന്തുണയോടെ പാസാക്കി; എതിര്‍ത്തത് ലീഗും സി.പി.എമ്മും ഉള്‍പ്പെടെ 11 പാര്‍ട്ടികള്‍ 

വിവാദമായ യു.എ.പി.എ ഭേദഗതി ബില്‍ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭ പാസാക്കി. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാനും സ്വത്ത് കണ്ടുകെട്ടാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി. സി.പി.എമ്മും സി.പി.ഐയും ‌മുസ്‍ലിം ലീഗുമടക്കം 11 പാര്‍ട്ടികളിലെ 42 എം.പിമാര്‍ മാത്രമാണ് ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തിയത്.

കോണ്‍ഗ്രസിന്റെ ഉറച്ച പിന്തുണ ലഭിച്ചതോടെയാണ് മോദി സര്‍ക്കാറിന്‍റെ യു.എ.പി.എ ബില്‍ രാജ്യസഭ കടന്നത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ അടക്കം 85 പേര്‍ പിന്തുണച്ചു. എന്നാല്‍ ബില്‍ വോട്ടെടുപ്പില്‍ എതിര്‍ത്തത് 42 പേര്‍ മാത്രം. ചര്‍ച്ചയില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ ശേഷമാണ് വോട്ടെടുപ്പില്‍ സര്‍ക്കാറിനെ പിന്തുണച്ചത്. എന്നാല്‍ ടി.എം.സി, ആര്‍.ജെ.ഡി, ഡി.എം.കെ, ആം ആദ്മി, എന്‍.സി.പി, തെലുഗുദേശം, എം.ഡി.എം.കെ, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികളും ബില്ലിനെതിരെ വോട്ട് ചെയ്തു.

മസൂദ് അസ്ഹര്‍ അടക്കമുള്ളവരെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ ഈ ഭേദഗതി അനിവാര്യമാണെന്ന് അമിത് ഷാ മറുപടി പറഞ്ഞു. ഇത്തരം കേസുകളില്‍ അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് സംസ്ഥാനങ്ങളെയും ഡി.ജി.പിമാരെയും വിവരം അറിയിക്കും. ഭീകരവിരുദ്ധ നിയമത്തെ സഭ ഒറ്റക്കെട്ടായി അനുകൂലിക്കണമെന്നാണ് ആഗ്രഹമെന്നും അമിത് ഷാ വ്യക്തമാക്കി.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തെ 104 പേര്‍ എതിര്‍ത്തു. ബില്ലിന് അനുകൂലമായി 147 എംപിമാര്‍ വോട്ട് രേഖപ്പെടുത്തി. ബില്‍ ലോക്സഭ നേരത്തെ പാസാക്കിയിരുന്നു.