LiveTV

Live

National

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റ്; ഇ.വി.എം-വിവി പാറ്റ് പരിശോധന നടത്തിയത് സ്വകാര്യ കണ്‍സല്‍ട്ടന്റുകള്‍ 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റ്; ഇ.വി.എം-വിവി പാറ്റ് പരിശോധന നടത്തിയത് സ്വകാര്യ കണ്‍സല്‍ട്ടന്റുകള്‍ 

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റാണെന്ന് തെളിയിച്ച് ദ ക്വിന്റ്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒരു വിധത്തിലും സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടില്ലായെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ദ ക്വിന്റ് നല്‍കിയ ആര്‍.ടി.ഐ അപേക്ഷക്കു നല്‍കിയ മറുപടിയിലാണ് ഒരു സ്വകാര്യ കമ്പനി തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ഭാഗഭാക്കായിരുന്നു എന്ന് തെളിഞ്ഞത്. വോട്ടിങ് മെഷീനുകളും വിവിപാറ്റുകളും നിര്‍മ്മിക്കുന്ന സ്വകാര്യ കമ്പനിയായ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഇ.സി.ഐ.എല്‍) യുടെ കീഴിലുള്ള നിരവധി സ്വകാര്യ എന്‍ജിനിയര്‍മാര്‍ ‘കണ്‍സല്‍ട്ടന്‍സ്’ എന്ന പേരില്‍ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് ജോലികള്‍ ഏല്‍പ്പിച്ചിരുന്നുവെന്നും ഇവരായിരുന്നു ഇ.വി.എമ്മുകളും വിവിപാറ്റുകളും പരിശോധിച്ചിരുന്നതെന്നും സൂക്ഷിച്ചിരുന്നതെന്നും ആര്‍.ടി.ഐ രേഖ വ്യക്തമാക്കുന്നു.

സുതാര്യവും സൂക്ഷ്മവുമായി സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ട തെരഞ്ഞെടുപ്പ് ജോലികള്‍ പുറത്തെ സ്വകാര്യ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സ്വകാര്യ കമ്പനികളെ ചുമതലയേല്‍പ്പിച്ച കാര്യം മറച്ചുവെക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെയും ചോദ്യം ചെയ്യുന്നതാണ് പുതിയതായി പുറത്തുവരുന്ന ആര്‍.ടി.ഐ വിവരങ്ങള്‍. സ്വകാര്യ കമ്പനികള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ടിട്ടുണ്ടാകുമെന്ന സാധ്യതകളാണ് പുതിയ ആര്‍.ടി.ഐ വിവരങ്ങള്‍ നല്‍കുന്ന സൂചനയെന്നും വ്യാപകമായ ആക്ഷേപമുണ്ട്.

2017ലെ ഉത്തരഖണ്ഡ് തെരഞ്ഞെടുപ്പിലാണ് ഇത്തരത്തില്‍ സ്വകാര്യ കണ്‍സല്‍ട്ടിങ് എന്‍ജിയര്‍മാരെ തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക ചുമതലകള്‍ ഏല്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതെന്നും അതിനെ തുടര്‍ന്നാണ് ആര്‍.ടി.ഐ അപേക്ഷ നല്‍കിയതെന്നും ദ ക്വിന്റ് വ്യക്തമാക്കുന്നു.