LiveTV

Live

National

ബാബരി ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച പരാജയം; ആഗസ്ത് ആറിന് അന്തിമവാദം തുടങ്ങും

തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കക്ഷികളെ തമ്മില്‍ യോജിപ്പിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് മൂന്നംഗ സമിതി കോടതിയെ അറിയിച്ചത്.

ബാബരി ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച പരാജയം; ആഗസ്ത് ആറിന് അന്തിമവാദം തുടങ്ങും

ബാബറി മസ്ജിദ് - അയോധ്യ തർക്ക ഭൂമി കേസിലെ അപ്പീലുകളില്‍ ചൊവ്വാഴ്ച അന്തിമവാദം തുടങ്ങുമെന്ന് സുപ്രീംകോടതി. തുടർച്ചയായി വാദം കേൾക്കാനാണ് തീരുമാനം. മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നീക്കം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്‌.

ആറ് മിനുട്ട് മാത്രമാണ് കേസില്‍ സുപ്രീംകോടതി നടപടി നീണ്ടത്. മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിശോധിച്ചു. കക്ഷികളില്‍ സമവായമുണ്ടാക്കാനായില്ലെന്നും ചര്‍ച്ച തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും തുറന്ന കോടതിയിൽ ചീഫ് ജസ്റ്റിസ് വ്യക്‌തമാക്കി. അതിനാല്‍ 14 അപ്പീലുകളില്‍ ചൊവ്വാഴ്ച വാദം തുടങ്ങും.

തങ്ങളുടെ ഭാഗം വാദിക്കാൻ 20 ദിവസമെങ്കിലും ആവശ്യമാണെന്ന് സുന്നി വഖഫ് ബോർഡ് അറിയിച്ചു. പരിശോധിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. അയോധ്യയിലെ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡക്കും രാംലല്ലക്കുമായി വിഭജിച്ചു നൽകിയ 2010 അലഹബാദ് ഹൈക്കോടതി വിധിയെയാണ് എല്ലാ കക്ഷികളും ചോദ്യം ചെയ്യുന്നത്.

വിധി വന്ന് 9 വര്‍ഷത്തിന് ശേഷമാണ് അപ്പീലില്‍ വാദം കേള്‍ക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ രഞ്ജൻ ഗൊഗൊയുടെ കാലാവധി ഒകടോബറില്‍ അവസാനിക്കുമെന്നതിനാല്‍ അതിന് മുന്‍പായി അന്തിമവിധി പ്രസ്താവിക്കുമെന്ന് ഉറപ്പായി.