LiveTV

Live

National

സ്ഫോടക വസ്തുക്കൾ കണ്ടെത്തി; അമർനാഥ് യാത്രയ്ക്ക് നിയന്ത്രണം

യാത്രാ പാതയിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സാഹചര്യത്തിലാണ് ഉത്തരവ്.

സ്ഫോടക വസ്തുക്കൾ കണ്ടെത്തി;  അമർനാഥ് യാത്രയ്ക്ക് നിയന്ത്രണം

അമർനാഥ് യാത്രയ്ക്ക് ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. സഞ്ചാരികളോടും തീർത്ഥാടകരോടും ഉടൻ കശ്മീർ വിടാൻ നിർദ്ദേശം നൽകി. യാത്രാ പാതയിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സാഹചര്യത്തിലാണ് ഉത്തരവ്. ആക്രമണം നടത്താനുള്ള നീക്കത്തിനു പിന്നിൽ പാകിസ്താൻ ആണെന്ന് സൈന്യം ആരോപിച്ചു.

പാകിസ്താൻ പിന്തുണയോടെ ഭീകരർ അമർനാഥ് യാത്ര അട്ടിമറിക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് അമർനാഥ് യാത്ര പാതയിൽ വ്യാപകമായ തിരച്ചിൽ ശക്തമാക്കിയത്. തിരച്ചിലിൽ മൈനുകൾ, നാടൻ ബോംബ്, സ്നൈപ്പർ റൈഫിൾ തുടങ്ങിയവ കണ്ടെടുത്തു. ജമ്മു കശ്മീരിലെ പാക് ഇടപെടലിന്‍റെ തെളിവാണിതെന്നും കശ്മീരിൽ സമാധാനം പുലരുന്നതിൽ പാകിസ്താൻ അസ്വസ്ഥമാണെന്നും ലഫ്റ്റനന്‍റ് ജനറൽ കെ.ജെ.എസ് ധില്ലോൺ പ്രതികരിച്ചു.

തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് യാത്രക്ക് നിയന്ത്രണം കൊണ്ടുവന്നത്. സഞ്ചാരികളും തീർത്ഥാടകരും എത്രയും പെട്ടെന്ന് കശ്മീർ വിടണമെന്നാണ് നിർദ്ദേശം. അതേസമയം സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പ്രതികരിച്ചു. ഭീകരവാദത്തിനെതിരായി വലിയ നീക്കം നടത്തുന്നു എന്ന് തോന്നിപ്പിക്കാനാണ് അപ്രതീക്ഷിത ഉത്തരവുകളിലൂടെ ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതെന്നും ഒമർ അബ്ദുല്ല കൂട്ടിച്ചേർത്തു.