LiveTV

Live

National

ഉന്നാവ് കേസുകളില്‍ യു.പി സര്‍ക്കാരിന് കനത്ത തിരിച്ചടി; വിചാരണ ഡല്‍ഹിയിലേക്ക് മാറ്റി 

ഇരക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇരക്കും കുടുംബത്തിനും അഭിഭാഷകനും മതിയായ സുരക്ഷ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഉന്നാവ് കേസുകളില്‍ യു.പി സര്‍ക്കാരിന് കനത്ത തിരിച്ചടി; വിചാരണ  ഡല്‍ഹിയിലേക്ക് മാറ്റി 

ഉന്നാവ് ബലാത്സംഗക്കേസില്‍ യു.പി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി. മുഴുവന്‍ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും യു.പി സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ തുടര്‍ചികിത്സ ഡല്‍ഹിക്ക് മാറ്റുന്നകാര്യത്തില്‍ നാളെ കോടതി തീരുമാനമെടുക്കും.

രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന ചോദ്യമടക്കം അതിരൂക്ഷമായ പരാമര്‍ശങ്ങളോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉന്നാവ് കേസില്‍ യു.പിയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഉത്തരവിട്ടത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും സി.ആര്‍.പി.എഫ് സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ ഇരയുടെയും ബന്ധുക്കളുടെയും അഭിഭാഷകന്റെയും ചികിൽസ ഡല്‍ഹിയിലേക്ക് മാറ്റാം. ഇക്കാര്യം കുടുംബത്തിന്റെ ആഗ്രഹമനുസരിച്ച് നാളെ കോടതി തീരുമാനിക്കും. പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റ വാഹനാപകട‌ ഗൂഢാലോചന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു മാസം വേണമെന്ന സി.ബി.ഐ ആവശ്യം കോടതി തള്ളി. വേണമെങ്കില്‍ ഒരാഴ്ച കൂടി സി.ബി.ഐക്ക് സമയം എടുക്കാം. പക്ഷെ ഒരു കാരണവശാലും അതില്‍ കൂടാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.

Also read: ജീവന് ഭീഷണി; ഉന്നാവ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത് 35 തവണ

Also read: ഉന്നാവ് പെണ്‍കുട്ടിയുടെ അപകടം; ബി.ജെ.പി എം.എല്‍.എക്കെതിരെ സി.ബി.ഐ കേസെടുത്തു  

Also read: ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് സംഗാര്‍ മുഖ്യപ്രതിയായ ഉന്നാവ് ബലാത്സംഗ കേസ് യു.പി സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി ‌പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചീഫ് ജസ്റ്റിസിനയച്ച കത്ത് പരിഗണിച്ചാണ് കോടതി വിധി. നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞതോടെയാണ് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി പൊട്ടിത്തെറിച്ചത്. അമിക്കസ് ക്യുറിയായി പ്രവര്‍ത്തിച്ച വി.വി ഗിരിയും കോടതിയില്‍ വികാരഭരിതനായി.