LiveTV

Live

National

ഉത്തര്‍പ്രദേശില്‍ കാടന്‍ ഭരണം; സുപ്രീംകോടതി ഇടപെട്ടതില്‍ നന്ദിയുണ്ടെന്ന് പ്രിയങ്ക

ഉന്നാവ് പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെയുള്ള അതിക്രമങ്ങളില്‍ സുപ്രീംകോടതി ഇടപെട്ട സാഹചര്യത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.

ഉത്തര്‍പ്രദേശില്‍ കാടന്‍ ഭരണം; സുപ്രീംകോടതി ഇടപെട്ടതില്‍  നന്ദിയുണ്ടെന്ന്  പ്രിയങ്ക

ഉത്തര്‍പ്രദേശിലെ കാടന്‍ ഭരണത്തിന് അറുതിവരുത്താന്‍ സുപ്രീംകോടതി ഇടപെട്ടതില്‍ നന്ദിയുണ്ടെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉന്നാവ് പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെയുള്ള അതിക്രമങ്ങളില്‍ സുപ്രീംകോടതി ഇടപെട്ട സാഹചര്യത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.

കുല്‍ദീപ് സെഗറിനെപ്പൊലൊരു കുറ്റവാളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതിലൂടെ ബി.ജെ.പി. കുറ്റസമ്മതത്തിന് തയ്യാറായിരിക്കുകയാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. നരക യാതന അനുഭവിച്ച കൊച്ചു പെണ്‍കുട്ടിക്ക് നീതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രിയങ്ക ട്വീറ്റില്‍ പറഞ്ഞു.

കുറ്റവാളികളെ സംരക്ഷിക്കുന്ന യോഗി സര്‍ക്കാര്‍ ഉത്തര്‍ പ്രദേശിനെ അപരാധ് പ്രദേശാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതാണ് ഉത്തര്‍ പ്രദേശിലെ അവസ്ഥയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഉന്നാവ് കേസിലെ സുപ്രീംകോടതി വിധി നാഴികക്കല്ലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചു. നിയമ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കാന്‍ ഈ വിധി കാരണമാകും. നിയമത്തെ അപഹാസ്യമാക്കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്നും കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.