ഇനി ഇങ്ങനെയുണ്ടായാല്‍ അറസ്റ്റ് ചെയ്യും; ഡെലിവറി ബോയി ഹിന്ദു അല്ലാത്തതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കിയ യുവാവിന് നോട്ടീസ്
സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തില്‍ പ്രതികരിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് ജബല്‍പൂര്‍ പൊലീസ് അമിത് ശുക്ലയ്ക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിച്ചത് ഹിന്ദു അല്ലാത്തതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കിയ യുവാവിന് മധ്യപ്രദേശ് പൊലീസ് നോട്ടീസ് അയച്ചു. അമിത് ശുക്ല എന്നയാൾക്കാണ് പൊലീസ് നോട്ടീസ് അയച്ചത്. സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തില്‍ പ്രതികരിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് ജബല്‍പൂര്‍ പൊലീസ് അമിത് ശുക്ലയ്ക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും സ്വമേധയാ നടപടിയെടുക്കുകയാണെന്നും എസ്.പി അമിത് സിങ് വ്യക്തമാക്കി. അമിത് ശുക്ല ഇനി പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഇനി അമിത് ശുക്ല സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന വിധത്തില്‍ ട്വീറ്റ് ചെയ്താല്‍ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഒരു തരത്തിലുള്ള തൊട്ടുകൂടായ്മയും പാടില്ലെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്. അമിത് ശുക്ല ഇത് ലംഘിച്ചെന്നും എസ്.പി പ്രതികരിച്ചു.
സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം റദ്ദാക്കാനുണ്ടായ കാരണം വിശദീകരിച്ച് അമിത് ശുക്ലയിട്ട ട്വീറ്റാണ് വിവാദമായത്- "ഞാന്‍ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വന്നത് ഒരു അഹിന്ദുവാണ്. ഡെലിവറി ബോയിയെ മാറ്റാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. റീഫണ്ട് ചെയ്യാന്‍ നിര്‍വാഹമില്ലെന്നും സൊമാറ്റോ അറിയിച്ചു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്ന നിര്‍ബന്ധിക്കാന്‍ ആര്‍ക്കും കഴിയില്ല. എനിക്ക് ഈ ഭക്ഷണം വേണ്ട. ഓര്‍ഡര്‍ റദ്ദാക്കുകയാണ്" - ഇങ്ങനെയായിരുന്നു അമിത്തിന്റെ ട്വീറ്റ്.
ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ അമിതിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. 'ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെ ഒരു മതമാണ്' എന്നാണ് അമിതിന് സൊമാറ്റോ നല്കിയ മറുപടി.