LiveTV

Live

National

മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് തൂത്തുക്കുടിയിൽ പിടിയിൽ

ചരക്കുകപ്പലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയതത്.

മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് തൂത്തുക്കുടിയിൽ പിടിയിൽ

മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബിനെ തൂത്തുക്കുടിയിൽ നിന്ന് രഹസ്യാന്വേഷണ വിഭാഗവും തമിഴ്നാട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ചരക്കുകപ്പലിൽ അനധികൃതമായി കടക്കാൻ ശ്രമിക്കവേയായിരുന്നു അറസ്റ്റ്. മാലിദ്വീപില്‍ നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിർഗോ 6 എന്ന ചരക്ക് കപ്പലിൽ തൂത്തുക്കുടി തീരത്ത് ഇറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്. തൂത്തുക്കുടിയിൽ നിന്ന് 9 പേരുമായി പുറപ്പെട്ട കപ്പൽ 10 പേരുമായാണ് തിരികെയെത്തിയത്.

മാലിദ്വീപ് മുൻ പ്രസിഡന്റ് അബ്ദുല്ല യമീനെ വധിക്കാന്‍ ശ്രമിച്ച കേസിലും ടൂറിസം മന്ത്രിയായിരിക്കെ നടത്തിയ അഴിമതിയിലും വിചാരണ നേരിടുകയാണ് അദീബ്. വധശ്രമക്കേസിൽ 2015ല്‍ അറസ്റ്റിലായ അദീബ് പുതിയ പ്രസിഡന്‍റ് അധികാരമേറ്റ ശേഷമാണ് മോചിതനായത്. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നെന്ന ഹര്‍ജി പരിഗണിച്ച് പുതുതായി വിചാരണ തുടങ്ങാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

അറസ്റ്റിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. അദീബിനെ മാലിദ്വീപ് സര്‍ക്കാരിന് വിട്ട് നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.