LiveTV

Live

National

‘’വളരെയധികം വേദനിച്ചു, എന്തു ചെയ്യാം ഞങ്ങള്‍ പാവപ്പെട്ടവരല്ലേ’’’സൊമാറ്റോയിലെ ഡെലിവറി ബോയ് പറയുന്നു

അദ്ദേഹത്തിന്റെ(അമിത് ശുക്ല) ഓര്‍ഡര്‍ പ്രകാരമാണ് ഞാന്‍ ഭക്ഷണവുമായി വീട്ടിലെത്തിയത് 

 ‘’വളരെയധികം വേദനിച്ചു, എന്തു ചെയ്യാം ഞങ്ങള്‍ പാവപ്പെട്ടവരല്ലേ’’’സൊമാറ്റോയിലെ ഡെലിവറി ബോയ് പറയുന്നു

ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നിരസിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചയായത്. അന്ധമായ മതവിശ്വാസത്തിന്റെ കറ പുരണ്ട സംഭവം മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഞെട്ടിച്ചിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്നും തനിക്കുണ്ടായ വിഷമത്തെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സൊമാറ്റോയിലെ ഡെലിവറി ബോയ് ആയ ഫയാസ്.

''എനിക്ക് വളരെയധികം വേദന തോന്നി, പക്ഷെ എന്തു ചെയ്യാന്‍? ഞങ്ങള്‍ പാവപ്പെട്ടവരായിപ്പോയില്ലേ, സഹിച്ചല്ലേ പറ്റൂ'' ഫയാസ് പറയുന്നു. അദ്ദേഹത്തിന്റെ(അമിത് ശുക്ല) ഓര്‍ഡര്‍ പ്രകാരമാണ് ഞാന്‍ ഭക്ഷണവുമായി വീട്ടിലെത്തിയത്. എന്നാല്‍ എന്നെ കണ്ട അദ്ദേഹം ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്നുവെന്നാണ് പറഞ്ഞത്...ഫയാസ് പറഞ്ഞു.

ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരില്‍ ജബല്‍പൂര്‍ സ്വദേശിയായ അമിത് ശുക്ലയാണ് ഓര്‍ഡര്‍ നിരസിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. ''ഞാന്‍ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വന്നത് ഒരു അഹിന്ദുവാണ്. എന്റെ ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ അഹിന്ദുവിനെ അയച്ചതുകൊണ്ട് ഞാന്‍ ആ ഓര്‍ഡര്‍ റദ്ദാക്കി. ഡെലിവറി ബോയിയെ മാറ്റാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് ചെയ്യാന്‍ നിര്‍വാഹമില്ലെന്നും സൊമാറ്റോ അറിയിച്ചു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്ന നിര്‍ബന്ധിക്കാന്‍ ആര്‍ക്കും കഴിയില്ല. എനിക്ക് ഈ ഭക്ഷണം വേണ്ട. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്, പണവും മടക്കിത്തരണ്ട.'' - ഇങ്ങനെയായിരുന്നു അമിതിന്റെ ട്വീറ്റ്.

സംഭവം ചര്‍ച്ചയായതോടെ സൊമാറ്റോ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. ഭക്ഷണത്തിന് മതമില്ല, അതു തന്നെ ഒരു മതമാണ് എന്നായിരുന്നു സൊമാറ്റോയുടെ കിടിലന്‍ മറുപടി. സൊമാറ്റോയുടെ മറുപടിയെ നിറഞ്ഞ കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. നിങ്ങളുടെ ആപ്പിനെ ഞാന്‍ ബാഹുമാനിക്കുന്നു, സ്നേഹിക്കുന്നു ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരത്തെയും വ്യത്യസ്തരായ തങ്ങളുടെ ഉപഭോക്താക്കളെയും ബഹുമാനിക്കുന്നതായും സൊമാറ്റോ സ്ഥാപകന്‍ ദീപേന്ദര്‍ ഗോയല്‍ മറുപടി ട്വീറ്റ് ചെയ്തു.

എന്നാല്‍ സംഭവം ഇത്രയും വിവാദമായിട്ടും അമിത് ശുക്ലയുടെ നിലപാടില്‍ മാറ്റമില്ലായിരുന്നു. വിശുദ്ധ മാസമായ ശ്രാവണത്തില്‍ ഇത്തരത്തിലൊരു നിലപാട് എടുത്തത് തന്റെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ശുക്ലയുടെ മറുപടി.