LiveTV

Live

National

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; പ്രവർത്തക സമിതി യോഗം അടുത്ത വ്യാഴാഴ്ച ചേരാൻ ആലോചന

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; പ്രവർത്തക സമിതി യോഗം അടുത്ത വ്യാഴാഴ്ച ചേരാൻ ആലോചന

കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രവർത്തക സമിതിയോഗം അടുത്ത വ്യാഴാഴ്ച ചേരാൻ ആലോചന. പാർലമെൻറ് സമ്മേളനം കഴിഞ്ഞ് നേതാക്കൾ മടങ്ങും മുൻപേ യോഗം ചേരാനാണ് നീക്കം. ഇന്ന് ചേർന്ന ജനറൽ സെക്രട്ടറി മാരുടെ യോഗത്തിലും അധ്യക്ഷപദം സംബന്ധിച്ച നിർദേശങ്ങൾ ഉയർന്നു. രാജീവ് ഗാന്ധിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാനും തീരുമാനിച്ചു.

പല നേതാക്കളും പ്രതിഷേധവുമായി രംഗത്ത് വന്നതിനാൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നീട്ടി കൊണ്ടു പോകേണ്ടതില്ലെന്നാണ് തീരുമാനം. ഇന്ന് ചേർന്ന ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലും വിഷയം ഉയർന്നു. ഈ സാഹചര്യത്തിലാണ് പാർലമെൻറ് സമ്മേളനം അവസാനിച്ച ഉടൻ പ്രവർത്തകസമിതി ചേരാൻ തീരുമാനിച്ചത്. അടുത്ത വ്യാഴാഴ്ച യോഗം ചേരാനാണ് സാധ്യത.

അധ്യക്ഷ പദത്തിലേക്ക് ഉയർന്ന പേരുകളിൽ സുശീൽ കുമാർ ഷിൻഡെ, സച്ചിൻ പൈലറ്റ്, ജോതി രാധിത്യ സിന്ധ്യ എന്നിവരുടെ പേരുകൾക്കാണ് മുൻ തൂക്കം. കെ.സി വണുഗോപാലിനെ വർക്കിങ് പ്രസിഡന്റാക്കുമെന്നും സൂചനയുണ്ട്. രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ സാധാരണ സംഘടിപ്പിക്കാറുള്ള പുഷ്പാർച്ചനക്ക് പുറമെ വിപുലമായി ആഘോഷിക്കാനും യോഗം തീരുമാനിച്ചു. രാജീവ് ഗാന്ധി കൊണ്ടു വന്ന ഡിജിറ്റൽ ഇന്ത്യ, പഞ്ചായത്തീ രാജ് അടക്കമുള്ളവ ഉയർത്തിയാകും പരിപാടികൾ. അതേ സമയം ഷീല ദീക്ഷിതിന്റെ നിര്യാണത്തോടെ ഡി.പി.സി.സി അധ്യക്ഷ പദത്തിലേക്ക് നവജോത് സിങ് സിദ്ധുവിന്റെ പേര് ഉയർന്നിട്ടുണ്ട്. എന്നാൽ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്ത ശേഷമേ ഡി.പി.സി.സിയുടെ കാര്യം പരിഗണിക്കു എന്നാണ് ഡൽഹിയുടെ ചുമതലയുള്ള പി.സി ചാക്കോയുടെ പ്രതികരണം.