LiveTV

Live

National

വിവാദമായ യു.എ.പി.എ ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍

സംഘടനകള്‍ക്ക് പുറമെ വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്നതാണ് യു.എ.പി.എ നിയമ ഭേദഗതി ബില്ല് 

 വിവാദമായ യു.എ.പി.എ ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍

വിവാദമായ യു.എ.പി.എ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭ ചര്‍ച്ച ചെയ്യും. സംഘടനകള്‍ക്ക് പുറമെ വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്നതാണ് യു.എ.പി.എ നിയമ ഭേദഗതി ബില്ല്. ബില്ല് നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിപ്പിച്ച യു.എ.പി.എ ഭേദഗതി ബില്ല് രാജ്യസഭ കൂടി ഇന്ന് അംഗീകരിച്ചാല്‍ ഭീകരവാദബന്ധം സംശയിക്കുന്ന വ്യക്തികളെ കൂടി ഭീകരരായി പ്രഖ്യാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എക്ക് അധികാരം ലഭിക്കും. കൂടെ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും എന്‍.ഐ.എക്ക് സാധിക്കും. നിലവിലെ വ്യവസ്ഥയനുസരിച്ച് സംഘടനകള്‍ക്കെതിരെ മാത്രമേ ഇത്തരം നടപടികളെടുക്കാന്‍ ‌എന്‍.ഐ.എക്ക് അധികാരമുള്ളൂ. ലോക്സഭയില്‍ ബില്‍ പരിഗണിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം കടുത്ത വിമര്‍ശമുന്നയിച്ചിരുന്നു. തെളിയിക്കപ്പെടുന്നതിന് മുന്‍പ് തന്നെ ആരോപിതരെ കുറ്റവാളിയായി പ്രഖ്യാപിക്കുന്നത് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശം.

എന്‍.ഐ.എ ഏറ്റെടുക്കുന്ന കേസുകള്‍‍ അന്വേഷിക്കാന്‍ ഇന്‍സ്പെക്ടര്‍ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ക്കും ഭേദഗതിയനുസരിച്ച് അനുമതി ലഭിക്കും. എന്‍.ഐ.എയുടെ ദുരുപയോഗം വര്‍ധിപ്പിക്കുമെന്നും വിമര്‍ശമുണ്ട്. സഭാംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ വോട്ടിനിട്ടാകും ബില്ല് പാസാക്കുക. മോട്ടോര്‍ വെഹിക്കിള്‍ ഭേദഗതി ബില്ലും ഇന്ന് രാജ്യസഭ പരിഗണിക്കും. ‌അതേസമയം അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക പരിഹാര ഭേദഗതി ബില്ല് ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കാനാകാത്ത കാര്യ പരിപാടികളും ഇന്ന് ഇരുസഭകളിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.