LiveTV

Live

National

ഉന്നാവ് പെണ്‍കുട്ടിയുടെ അപകടം; ബി.ജെ.പി എം.എല്‍.എക്കെതിരെ സി.ബി.ഐ കേസെടുത്തു  

പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്ക് കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം പോലീസ് നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.

ഉന്നാവ് പെണ്‍കുട്ടിയുടെ അപകടം; ബി.ജെ.പി എം.എല്‍.എക്കെതിരെ സി.ബി.ഐ കേസെടുത്തു  

ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെഗാര്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. ക്രിമിനല്‍ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. ജീവന് ഭീഷണിയുണ്ടെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ 33 പരാതികള്‍ യു.പി പൊലീസ് അവഗണിച്ചു. അപകടത്തിന് ഒരാഴ്ച മുമ്പ് പെണ്‍കുട്ടി അയച്ച കത്തില്‍ ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടിയുടെ കത്ത് നാളെ സുപ്രീംകോടതി പരിശോധിക്കും.

അപകടത്തിന് ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി അയച്ച കത്തില്‍ ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്ക് കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം പോലീസ് നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറുമായി ട്രക്ക് ഡ്രൈവര്‍ക്കോ ക്ലീനര്‍ക്കോ ഉടമക്കോ ബന്ധമില്ലെന്നാണ് മൂവരുടെയും കുടുംബത്തിന്റെ വിശദീകരണം.

വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് യു.പി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പ്രതിയായ കുല്‍ദീപ് സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പി സസ്പന്‍ഡ് ചെയ്തിട്ടുമുണ്ട്. ഇതെല്ലാം കണ്ണില്‍ പൊടിയിട്ടതാണെന്നും കുല്‍ദീപിനെ ഇത്ര കാലം സംരക്ഷിച്ചത് ബി.ജെ.പിയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Also read: ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

Also read: ഉന്നാവ് പീഡനക്കേസില്‍ സിബിഐയുടെ തെളിവെടുപ്പ് പുരോഗമിക്കുന്നു

വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രതികരിക്കാത്തതും പ്രതിപക്ഷ വിമര്‍ശം ശക്തമാക്കിയിട്ടുണ്ട്. ബലാല്‍സംഗക്കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് കുല്‍ദീപ് സെന്‍ഗാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈമാസം 12 ന് കുടുംബം സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തും ഇന്നലെ പുറത്ത് വന്നിരുന്നു.

വാഹനാപകടത്തില്‍ ഉന്നാവ് പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഒരാള്‍ ഉന്നാവ് പീഡനക്കേസിലെ സാക്ഷിയാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 19കാരിയായ ഉന്നാവ് പെണ്‍കുട്ടിയും അഭിഭാഷകനും ഇപ്പോഴും അത്യാസന്നനിലയിലാണ്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതിന് പിന്നാലെ ബി.ജെ.പി കുല്‍ദീപ് സിംഗിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.