LiveTV

Live

National

മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ 24 മണിക്കൂറാണ് സമരം. 

മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഐ.എം.എ ആഹ്വാനം ചെയ്ത സമരം പുരോഗമിക്കുന്നു. സ്വകാര്യ ആശുപത്രികളെയാണ് സമരം കൂടുതല്‍ ബാധിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ ഹാജര്‍നില കുറവായിരുന്നു. ബില്ലിനെതിരെ സമരം കൂടുതല്‍ ശക്തമാക്കാനാണ് ഐ.എം.എയുടെ തീരുമാനം.

രാവിലെ ആറ് മുതല്‍ നാളെ രാവിലെ ആറ് വരെയാണ് സമരം. ഉത്തരേന്ത്യയിൽ ഡോക്ടർമാരുടെ സമരം ഭാഗികം. പശ്ചിമബംഗാൾ, ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ചില ആശുപത്രികളിൽ ഡോക്ടർമാർ രാവിലെ പ്രതിഷേധിച്ച ശേഷം ജോലിയിൽ പ്രവേശിച്ചു.

എയിംസ് ഉൾപ്പടെയുളള ആശുപത്രികൾ സാധാരണ നിലയിൽ പ്രവർത്തിച്ചു. സംസ്ഥാനത്തും സമരം ഭാഗികമായിരുന്നു. അത്യാഹിത, ഐസിയു, ശസ്ത്രക്രീയ വിഭാഗങ്ങളെ സമരം ഒഴിവാക്കിയിട്ടുണ്ട്.. ഹൗസ്‌സര്‍ജന്‍മാരും ഒരു വിഭാഗം ഡോക്ടര്‍മാരും ഡ്യൂട്ടിയ്ക്ക് എത്തിയതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കൊളേജുകളിലും മെഡിക്കല്‍ ഒപി പ്രവര്‍ത്തിച്ചു. അവധി ദിവസമായിരുന്നതിനാല്‍ ചികിത്സക്കെത്തിയ രോഗികളുടെ എണ്ണവും കുറവായിരുന്നു. ഐ.എം.എയുടെ നേതൃത്വത്തില്‍ കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തി.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒയും സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ചത്. മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ വരും ദിവസങ്ങളിലും സമരം തുടരാന്‍ തന്നെയാണ് ഐ.എം.എയുടെ തീരുമാനം.