LiveTV

Live

National

പേര് രാഹുല്‍ ഗാന്ധി; വായ്പ നല്‍കാതെ ബാങ്കുകള്‍, സിം നല്‍കാതെ ടെലികോം കമ്പനികള്‍

ഇവരില്‍ ഭൂരിഭാഗവും പട്ടിണിപ്പാവങ്ങളുമായിരിക്കും. തൊഴില്‍ ചെയ്യാനും കൃഷി ചെയ്യാനുമൊക്കെ വായ്‍പയ്ക്ക് വേണ്ടി ബാങ്കുകളുടെ വരാന്ത കയറിയിറങ്ങുന്നവര്

പേര് രാഹുല്‍ ഗാന്ധി; വായ്പ നല്‍കാതെ ബാങ്കുകള്‍, സിം നല്‍കാതെ ടെലികോം കമ്പനികള്‍

ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിച്ചാല്‍ മധ്യപ്രദേശുകാരനായ രാഹുല്‍ ഗാന്ധി പറയും, ഇതില്‍ കൂടുതല്‍ പൊല്ലപ്പുകളൊന്നും വേറെയില്ലെന്ന്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അനിഷേധ്യ താരമാണ്. പക്ഷേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്രയൊന്നും അറിയപ്പെടാത്ത ഒട്ടേറെ രാഹുല്‍ ഗാന്ധിമാരുണ്ട്. ഇവരില്‍ ഭൂരിഭാഗവും പട്ടിണിപ്പാവങ്ങളുമായിരിക്കും. തൊഴില്‍ ചെയ്യാനും കൃഷി ചെയ്യാനുമൊക്കെ വായ്‍പയ്ക്ക് വേണ്ടി ബാങ്കുകളുടെ വരാന്ത കയറിയിറങ്ങുന്നവര്‍.

അതുപോലെ ഒരാളാണ് മധ്യപ്രദേശുകാരനായ രാഹുല്‍ ഗാന്ധി എന്ന ഈ യുവാവ്. ഇയാള്‍ തന്റെ ബിസിനസ് കുറച്ച് പച്ചപിടിപ്പിക്കാന്‍ ബാങ്കുകളില്‍ നിന്ന് ബാങ്കുകളിലേക്ക് ഓട്ടം തുടങ്ങിയിട്ട് കാലം കുറച്ചായി. പക്ഷേ ഒരാളും ഇയാള്‍ക്ക് വായ്പ നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണമെന്താണ് ചോദിച്ചാല്‍ അയാളുടെ പേര് തന്നെ. വായ്പ പോട്ടെ, ഒരു സിം കാര്‍ഡ് പോലും ടെലികോം കമ്പനികള്‍ ഇയാള്‍ക്ക് അനുവദിച്ചിട്ടില്ല.

മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള അഖന്ത് നഗര്‍വാസിയാണ് തന്റെ പേര് രാഹുല്‍ ഗാന്ധി എന്നായി പോയതു കൊണ്ട് മാത്രം ദുരിതങ്ങള്‍ പേറുന്നത്. ഒരു സിം കാര്‍ഡ് എടുക്കാന്‍ ഇയാള്‍ ടെലികോം ഓപ്പറേറ്ററെ സമീപിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി എന്ന പേരില്‍ സിം തരാന്‍ കഴിയില്ല, വേണമെങ്കില്‍ സഹോദരന്റെ പേരില്‍ എടുത്തോളൂ എന്ന മറുപടിയാണ് ലഭിച്ചത്. ഒരിക്കല്‍ വായ്പ ചോദിച്ച് ഒരു ബാങ്കിലേക്ക് വിളിച്ച് തന്റെ പേര് രാഹുല്‍ ഗാന്ധിയെന്നാണെന്ന് പരിചപ്പെടുത്തിയപ്പോള്‍, രാഹുല്‍ ഗാന്ധി എന്നു മുതലാണ് ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് താമസം മാറിയതെന്ന് ചോദിച്ച് കോള്‍ കട്ട് ചെയ്യുകയായിരുന്നു.

ഏതായാലും ഇനിയും പുലിവാല്‍ പിടിക്കാന്‍ ഈ രാഹുല്‍ ഗാന്ധി തയ്യാറല്ല. തന്റെ പേര് രാഹുല്‍ മാളവിയ എന്ന് മാറ്റാന്‍ ഒരുങ്ങുകയാണ് ഈ ചെറുപ്പക്കാരന്‍.