LiveTV

Live

National

ഉന്നാവില്‍ നടന്നത് സിനിമാ കഥയെ വെല്ലുന്ന ഗൂഢാലോചന

‘കേസ് പിന്‍വലിച്ചില്ലെങ്കില്‍ കുടുംബത്തെ കൂട്ടത്തോടെ കള്ളക്കേസില്‍‌ കുടുക്കുമെന്ന് പറഞ്ഞു’

ഉന്നാവില്‍ നടന്നത് സിനിമാ കഥയെ വെല്ലുന്ന ഗൂഢാലോചന

ഉന്നാവ് ബലാത്സഗക്കേസിലെ ഇരയായ പെൺകുട്ടിയുടെ വാഹനാപകടം ആസൂത്രിതമെന്ന് തെളിയിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ. കേസിൽ നിന്ന് പിന്മാറാന്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

അതിനിടെ, ഭീഷണി വിവരം പറഞ്ഞ് ഈമാസം 12 ന് സുപ്രീംകോടതി ചീഫ് ജസറ്റിസിന് അയച്ച കത്ത് പുറത്ത് വന്നു. പ്രതിഷേധത്തിനൊടുവില്‍ കുല്‍ദീപിനെ ബി.ജെ.പി സസ്പെന്‍റ് ചെയ്തിരിക്കുകയാണ്.

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന്റെ ബന്ധുക്കള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് ഉന്നാവ് പെണ്‍കുട്ടിയുടെ കുടുംബം ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ പറയുന്നത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കുടുംബത്തെ കൂട്ടത്തോടെ കള്ളക്കേസില്‍‌ കുടുക്കുമെന്ന് പറഞ്ഞു. ഇവര്‍‌ക്കെതിരെ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കത്തയച്ച് രണ്ടാഴ്ച പിന്നിടും മുന്‍പാണ് പെണ്‍കുട്ടി ദൂരൂഹ സാഹചര്യത്തില്‍ അപകടത്തില്‍ പെട്ടത്. കുട്ടി ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍‌ അഖിലേഷ് യാദവ് സംഭവത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആവശ്യപ്പെട്ടു.

പീഡനക്കേസ് പ്രതിയായ എം.എല്‍.എയെ എക്കാലവും ബി.ജെ.പി സംരക്ഷിക്കുകയായിരുന്നുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി കുറ്റപ്പെടുത്തി. ലക്നോവിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെയാണ് കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സസ്പെന്‍റ് ചെയ്തെന്ന് ബി.ജെ.പി വ്യക്തമാക്കിയത്.

2018 മുതല്‍ തന്നെ കുല്‍ദീപ് സസ്പന്‍ഷനിലാണെന്നും ബി.ജെ.പി നേതൃത്വം അവകാശപ്പെട്ടു. അപകടക്കേസില്‍ കുല്‍ദീപിനെതിരെ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.