LiveTV

Live

National

ഉന്നാവോ സംഭവം: എം.എല്‍.എയെ പുറത്താക്കിയതായി ബി.ജെ.പി, സഭയില്‍ പ്രതിപക്ഷ ബഹളം

സ്വാഭാവിക അപകടമല്ലെന്നും പീഡനക്കേസ് പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. 

ഉന്നാവോ  സംഭവം: എം.എല്‍.എയെ പുറത്താക്കിയതായി ബി.ജെ.പി, സഭയില്‍ പ്രതിപക്ഷ ബഹളം

ഉന്നാവോ ബലാത്സംഗ കേസിലെ ഇര വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും, ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. പരാതിക്കാരിയുടെ കുടുംബത്തെ നാമാവശേഷമാക്കാനാണ് ശ്രമം നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

അതിനിടെ അപകടം സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ യു.പി സര്‍ക്കാര്‍ കേന്ദ്രസര്‍‌ക്കാരിന് അപേക്ഷ നല്‍കി. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ബലാല്‍സംഗ കേസിലുള്‍പ്പെട്ട ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്ഗാറിനെ പാര്‍ട്ടി പുറത്താക്കി.

കഴിഞ്ഞ ദിവസമാണ് ഉന്നാവൊ പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചത്. സ്വാഭാവിക അപകടമല്ലെന്നും പീഡനക്കേസ് പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ്സെന്‍ഗാര്‍ തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.

കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൌധരി ഇന്ന് ലോക്സഭയില്‍ ഈ ആരോപണം ആവര്‍ത്തിച്ചു. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കര്‍ ആവശ്യം അംഗീകരിക്കാത്തതോടെ പ്രതിപക്ഷ ബഹളം ശക്തമായി.

സംഭവത്തില്‍ പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധം ശക്തമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐക്ക് വിടാന്‍ യു.പി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിച്ചത്. അപകടത്തില്‍ കുല്‍ദീപ് സിംഗിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പീഡനക്കേസില്‍ അനുകൂല മൊഴി നല്‍കാന്‍ സെന്‍ഗാര്‍ ഭീഷണിപ്പെടുത്തിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തി.