LiveTV

Live

National

ബി.ജെ.പി ജമ്മു കശ്മീര്‍ കോര്‍ കമ്മറ്റി അടിയന്തരയോഗം ഡല്‍ഹിയില്‍

കശ്മീരികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യോഗം.

ബി.ജെ.പി ജമ്മു കശ്മീര്‍ കോര്‍ കമ്മറ്റി അടിയന്തരയോഗം ഡല്‍ഹിയില്‍

ബി.ജെ.പി ജമ്മു കശ്മീര്‍ കോര്‍ കമ്മറ്റിയുടെ അടിയന്തരയോഗം ഇന്ന് ഡല്‍ഹിയില്‍. കശ്മീരികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യോഗം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതും യോഗത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം. ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ.പി നദ്ദ അധ്യക്ഷത വഹിക്കും. ആഭ്യന്തരമന്ത്രി അമിത്ഷാ സംസാരിക്കും. പ്രധാനമന്ത്രിയും പങ്കെടുക്കുമെന്നാണ് സൂചന. നിരവധി വിഷയങ്ങള്‍ കോര്‍കമ്മിറ്റിയുടെ അജണ്ടയിലുണ്ടെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അശോക് കൌള്‍ പറഞ്ഞു. ബി.ജെ.പി ജമ്മുകാശ് മീര്‍ അധ്യക്ഷന്‍, ജനറല്‍ സെക്രട്ടറിമാര്‍, മുഖ്യ വക്താവ്, പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ 10000 അര്‍ധ സൈനികരെ കൂടി സംസ്ഥാനത്ത് വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ സര്‍ക്കാര്‍ കശ്മീരില്‍ നിര്‍ണായക നടപടികള്‍ക്ക് ഒരുങ്ങുകയാണെന്നും ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കിയേക്കാം എന്നുമുള്ള അഭ്യൂഹം ശക്തമാണ്. ഇതിനിടെയാണ് ബി.ജെ.പിയുടെ യോഗം.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലി, ഭൂമി ഇടപാടുകള്‍, പൊതു പദ്ധതികള്‍ എന്നിവയുടെയെല്ലാം ഗുണഭോക്താക്കള്‍ കശ്മീരികള്‍ മാത്രമായിരിക്കണമെന്നാണ് ഈ ആര്‍ട്ടിക്കിള്‍ 35 എയിലെ വ്യവസ്ഥ. ഇത് റദ്ദാക്കുമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലും നിലനില്‍ക്കുന്നുണ്ട്. ഇത്തരം അഭ്യൂഹങ്ങള്‍ പടര്‍ന്നപ്പോഴെല്ലാം കശ്മീരില്‍ പ്രക്ഷോഭം ശക്തമായതാണ് ചരിത്രം.