LiveTV

Live

National

ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരി വാഹനാപകടത്തില്‍ പെട്ടത് അന്വേഷിക്കുമെന്ന് ഡി.ജി.പി

പ്രാഥമിക അന്വേഷണത്തില്‍ അമിത വേഗമാണ് കാരണമെന്നാണ് വിലയിരുത്തലെന്നും ഡി.ജി.പി ഒ.പി സിങ് പറഞ്ഞു.

ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരി വാഹനാപകടത്തില്‍ പെട്ടത് അന്വേഷിക്കുമെന്ന് ഡി.ജി.പി

ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി. പ്രാഥമിക അന്വേഷണത്തില്‍ അമിത വേഗമാണ് കാരണമെന്നാണ് വിലയിരുത്തലെന്നും ഡി.ജി.പി ഒ.പി സിങ് പറഞ്ഞു. അതേസമയം വാഹനാപകടം ഉണ്ടായത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നും സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സി.പി.എം രാജ്യസഭാ അംഗം എളമരം കരീം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

കഴിഞ്ഞദിവസമാണ് ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. പെണ്‍കുട്ടിയേയും അഭിഭാഷകനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ പരാതിക്കാരിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ മരിച്ചു. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് വച്ചാണ് അപകടമുണ്ടായത്. റായ്ബറേലി ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിക്കാനായി പോവുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. ജയിലിന് 15 കി.മീ അകലെ വച്ച് ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്തു.

അപകടത്തില്‍ ഗൂഡാലോചന ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. നേരത്തെ പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസ് കസ്റ്റഡില്‍ മരണപ്പെട്ടത് വിവാദമായിരുന്നു. 2017 ലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചു എന്നാണ് കേസ്.