LiveTV

Live

National

ഉന്നാവോ വാഹനാപകടം ദുരൂഹതയേറുന്നു: കാറിലിടിച്ച ട്രക്കിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയില്‍

പെണ്‍കുട്ടിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അപകട സമയം കാറിലുണ്ടായിരുന്നുമില്ല.

ഉന്നാവോ വാഹനാപകടം ദുരൂഹതയേറുന്നു: കാറിലിടിച്ച ട്രക്കിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയില്‍

ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതില്‍ ദുരൂഹതയേറുന്നു. പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് ആസൂത്രിതമായി നടത്തിയ അപകടമാണിതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അപകട സമയം കാറിലുണ്ടായിരുന്നുമില്ല.

എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. സംഭവം കോണ്‍ഗ്രസ്സുള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കും. ട്രക്ക് ഡ്രൈവറെയും ഉടമയെയും അറസ്റ്റ് ചെയ്തെന്നും പരാതിക്കാരിയുടെ കുടുംബം ആവശ്യപ്പെട്ടാല്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറുമെന്നും ഡിജിപി പറഞ്ഞു.

പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചിരുന്നു. പെണ്‍കുട്ടിയുടെയും അഭിഭാഷകന്‍റെയും നില ഗുരതരായി തുടരുകയാണ്. വിഷയം സഭാനടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസ്സും രാജ്യസഭയില്‍ സി.പി.എം , സി.പി.ഐ, എ.എ.പി അടക്കമുള്ള പാര്‍ട്ടികളും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഞാറാഴ്ചയാണ് ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് വച്ചായിരുന്നു അപകടമുണ്ടായത്. റായ്ബറേലി ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിക്കാനായി പോവുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. ജയിലിന് 15 കി.മീ അകലെ വച്ച് ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു.