LiveTV

Live

National

ഉന്നാവോ കേസിലെ പരാതിക്കാരിയുടെ നില ഗുരുതരമായി തുടരുന്നു; ബി.ജെ.പിക്കെതിരെ പ്രതിഷേധം

ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചാല്‍‌ ആരും ചോദ്യം ചെയ്യരുതെന്നാണ് ഈ സംഭവത്തില്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള പാഠം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉന്നാവോ കേസിലെ പരാതിക്കാരിയുടെ നില ഗുരുതരമായി തുടരുന്നു; ബി.ജെ.പിക്കെതിരെ പ്രതിഷേധം

ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍. അപടകത്തില്‍ ശ്വാസകോശത്തിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍‌ പറഞ്ഞു. അപകടം സംബന്ധിച്ച കേസ് സി.ബി.ഐക്ക് വിടുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രതിപക്ഷം രംഗത്തെത്തി.

ബി.ജെ.പി എം.എല്‍.എയും പീഡനക്കേസ് പ്രതിയുമായ കുല്‍ദിപ് സിംഗ് തങ്ങളുടെ കുടുംബത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ആരോപണം. പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിച്ച ട്രക്കിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നു. പെണ്‍കുട്ടിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അപകട സമയം കാറിലുണ്ടായിരുന്നുമില്ല. ഇവയാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

എന്നാല്‍ സംഭവം സ്വാഭാവിക അപകടമാണെന്നാണ് പോലീസ് വിശദീകരണം. ഡ്രൈവറെയും ഉടമയെയും അറസ്റ്റ് ചെയ്തു. കുടുംബം ആവശ്യപ്പെട്ട പശ്ചാതലത്തില്‍ കേസ് സി.ബി.ഐക്ക് വിടുമെന്നും ലക്നൌ എ.ഡി.ജി.പി പറഞ്ഞു.

പെണ്‍ക്കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ നേരത്തെ അപകടത്തില്‍ മരിച്ചിരുന്നു. സംഭവത്തില്‍ പ്രതിപക്ഷം ബി.ജെ.പിക്കെതിരെ രംഗത്തെത്തി. ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചാല്‍‌ ആരും ചോദ്യം ചെയ്യരുതെന്നാണ് ഈ സംഭവത്തില്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള പാഠം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.