LiveTV

Live

National

ഉന്നാവോ; ബി.ജെ.പി എം.എല്‍.എക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു

പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിച്ച ട്രക്കിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ചതും സുരക്ഷാ ഉദ്യോഗസ്ഥന്‍ അപകട സമയം കാറിലുണ്ടാകാതിരുന്നതും ദുരീഹത വര്‍ധിപ്പിക്കുന്നുണ്ട്

ഉന്നാവോ; ബി.ജെ.പി എം.എല്‍.എക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു

ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി അപകടത്തില്‍ പെട്ട സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെ കൊലപാത ശ്രമത്തിന് കേസെടുത്തു. കുല്‍ദീപിന്‍റെ സഹോദരന്‍ ഉള്‍പ്പെടെ മറ്റു 9 പേര്‍‌ക്കെതിരെയും എഫ്.ഐ.ആര്‍‌ രജിസ്റ്റര്‍ ചെയ്തു.

പെണ്‍കുട്ടിയുടെ നില ഗുരതരമായി തുടരുകയാണ്. അപകടക്കേസ് സി.ബി.ഐക്ക് വിടുമെന്ന് പോലീസ് വ്യക്തമാക്കി. ബി.ജെ.പി എം.എല്‍.എയും പീഡനക്കേസ് പ്രതിയുമായ കുല്‍ദിപ് സിംഗ് തങ്ങളുടെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ആരോപണം. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്തത്.

കൊലപാതക ശ്രമം, ക്രിമനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിച്ച ട്രക്കിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ചതും സുരക്ഷാ ഉദ്യോഗസ്ഥന്‍ അപകട സമയം കാറിലുണ്ടാകാതിരുന്നതും ദുരീഹത വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ സ്വാഭാവിക അപകടമാണെന്നാണ് പോലീസ് വിശദീകരണം. ട്രക്ക് ഡ്രൈവറെയും ഉടമയെയും അറസ്റ്റ് ചെയ്തു. കുടുംബം ആവശ്യപ്പെട്ട പശ്ചാതലത്തില്‍ കേസ് സി.ബി.ഐക്ക് വിടുമെന്നും ലക്നൌ എ.ഡി.ജി.പി പറഞ്ഞു.

സംഭവത്തില്‍ പ്രതിപക്ഷം ബി.ജെ.പിക്കെതിരെ രംഗത്തെത്തി. ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചാല്‍‌ ആരും ചോദ്യം ചെയ്യരുതെന്നാണ് ഈ സംഭവത്തില്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള പാഠം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പെണ്‍ക്കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചിരുന്നു.