LiveTV

Live

National

മഹാരാഷ്ട്രയില്‍ മഴ കുറഞ്ഞു

മഹാരാഷ്ട്രയില്‍ താനെ, പല്‍ഗഡ്, ബദ്‌ലാപൂര്‍ തുടങ്ങി മുബൈ നഗര പരിധിക്ക് പുറത്തുള്ള മേഖലകളിലാണ് ഇന്ന് കാര്യമായി മഴ പെയ്തത്.

മഹാരാഷ്ട്രയില്‍ മഴ കുറഞ്ഞു

മഹാരാഷ്ട്രയില്‍ ജനജീവിതം ദുസഹമാക്കിയ കനത്ത മഴക്ക് ഇന്ന് നേരിയ കുറവ്. ഇതോടെ മുംബൈ നഗരത്തിലെ ജീവിതം ഏറെക്കുറെ സാധാരണ ഗതിയിലായി. അതേസമയം നഗരപരിധിക്ക് പുറത്ത് വിവിധ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. തെക്കന്‍ രാജസ്ഥാനിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.

മഹാരാഷ്ട്രയില്‍ താനെ, പല്‍ഗഡ്, ബദ്‌ലാപൂര്‍ തുടങ്ങി മുബൈ നഗര പരിധിക്ക് പുറത്തുള്ള മേഖലകളിലാണ് ഇന്ന് കാര്യമായി മഴ പെയ്തത്. മേഖലയിലെ നദികളും ജലാശയങ്ങളും കരകവിഞ്ഞതോടെ പ്രളയ സമാന സാഹചര്യമാണ്. കല്യാണിനെയും ബന്ധിപ്പിക്കുന്ന ഉല്ലാസ് നദിക്ക് കുറുകെയുള്ള പാലം ഭാഗികമായി തകര്‍ന്നു. ഇതോടെ മുംബൈയില്‍നിന്ന് ഗുജറാത്തിലേക്ക് റോഡുമാര്‍ഗ്ഗം ഉള്ള വഴിയടഞ്ഞു.

എന്നാല്‍, ഇന്ന് മുബൈ നഗരത്തില്‍ മഴക്ക് കുറവുണ്ട്. ഇതോടെ നഗര ജീവിതം ഏറെക്കുറെ സാധാരണഗതിയിലായി. മുന്‍ കരുതലിന്റെ ഭാഗമായി മുംബൈയില്‍ നിന്നുള്ള 5 ട്രയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 6 എണ്ണം വഴി തിരിച്ച് വിട്ടു. കഴിഞ്ഞ ദിവസം ബദ്‌ലാപൂരിനടുത്ത് പാളത്തില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്‌സ്പ്രസിലുണ്ടായിരുന്ന ആയിരത്തോളം യാത്രക്കാരെ ഇന്നലെ വൈകീട്ടോടെയാണ് രക്ഷപ്പെടുത്തിയത്.

താനെ ജില്ലയില്‍ വിവിധ ഇടങ്ങളിലായി കുടുങ്ങി കിടന്ന 120 പേരെയും ഇന്നലെ വ്യാമസേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു. രാജ്സ്ഥാനില്‍ ജയ്‌സല്‍ മീര്‍,അജ്മീര്‍, ജോധ് പൂര്‍, കോട്ട, തുടങ്ങിയ മേഖലകളിലും മഴ ശക്തമാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും കേന്ദ്രം സംസ്ഥാനങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.