LiveTV

Live

National

‘അവള്‍ പെണ്ണല്ലേ’... അവള്‍ക്ക് വൃക്ക കൊടുത്തിട്ട് എന്ത് കാര്യം?; പറയുന്നത് സ്വന്തം മാതാപിതാക്കള്‍...

പെണ്ണായതു കൊണ്ട് മാത്രം സ്വന്തം മകള്‍ക്ക് ചികിത്സ നിഷേധിക്കുന്ന മാതാപിതാക്കളുടെ വാര്‍ത്ത. 

‘അവള്‍ പെണ്ണല്ലേ’... അവള്‍ക്ക് വൃക്ക കൊടുത്തിട്ട് എന്ത് കാര്യം?; പറയുന്നത് സ്വന്തം മാതാപിതാക്കള്‍...

ഇന്നും നമ്മുടെ സാമൂഹിക വ്യവസ്ഥിതിയില്‍ ചിലര്‍ക്ക് സ്ത്രീകളോടുള്ള വിവേചനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ബിഹാറില്‍ നിന്നുള്ള ഈ വാര്‍ത്ത. പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന സമൂഹത്തില്‍ ഇന്നും പെണ്‍കുഞ്ഞുങ്ങളെ വേണ്ടെന്ന് വെക്കുന്നവര്‍ കുറവല്ല. പെണ്‍കുഞ്ഞുങ്ങള്‍ അവര്‍ക്ക് ഒരു വലിയ ഭാരമാണ്. അവള്‍ക്ക് അടിസ്ഥാന അവകാശമോ സ്നേഹമോ പരിഗണനയോ പോലും സ്വന്തം കുടുംബത്തില്‍ നിന്നു ലഭിക്കാറില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് ബിഹാറില്‍ നിന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. പെണ്ണായതു കൊണ്ട് മാത്രം സ്വന്തം മകളുടെ ജീവന് വിലകല്‍പ്പിക്കാത്ത മാതാപിതാക്കളുടെ വാര്‍ത്ത.

ബിഹാറിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മരണത്തോട് മല്ലിടുകയാണ് കാഞ്ചന കുമാരി എന്ന പെണ്‍കുട്ടി. അവളുടെ ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായിട്ട് കുറച്ച് കാലമായി. സാധാരണഗതിയില്‍ ഇത്തരമൊരു അവസ്ഥ വന്നാല്‍ സ്വന്തം മകളുടെ ആരോഗ്യത്തെയോര്‍ത്ത് മാതാപിതാക്കള്‍ ആശങ്കാകുലരാകും. അവളുടെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും. സ്വന്തം വൃക്ക കൊടുത്തിട്ടായാലും മകളുടെ ജീവന്‍ രക്ഷിക്കാനായിരിക്കും മാതാപിതാക്കള്‍ ശ്രമിക്കുക. പക്ഷേ നിര്‍ഭാഗ്യവശാല്‍ കാഞ്ചനകുമാരിയുടെ മാതാപിതാക്കള്‍ നേരെ തിരിച്ചാണ് ചിന്തിച്ചത്. അവള്‍ പെണ്ണായതു കൊണ്ട് മാത്രം വൃക്ക ദാനം ചെയ്യാന്‍ കാഞ്ചനയുടെ മാതാപിതാക്കള്‍ വിസമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ട്.

ഷെയ്ഖ്പുര ജില്ലയിലെ സദറിലാണ് കാഞ്ചനയുടെ ഗ്രാമം. ഇവിടുത്തെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് കാഞ്ചന പഠിക്കുന്നത്. പഠനത്തില്‍ മിടുക്കിയായിരുന്നു അവള്‍. പരീക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ ആഹ്ലാദം പക്ഷേ അധികകാലമുണ്ടായില്ല. അസുഖബാധിതയായി അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തുടര്‍ച്ചയായ പരിശോധനകള്‍. ഒടുവില്‍ അവളുടെ ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി കൊണ്ടിരിക്കുകയാണെന്ന് സ്ഥിരീകരിച്ചു. വൃക്ക മാറ്റിവെക്കാനുള്ള സാമ്പത്തിക ശേഷിയൊന്നും കാഞ്ചനയുടെ കുടുംബത്തിനില്ല. അതുകൊണ്ട് തന്നെ അവര്‍ അവളെ സദറിലെ ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ മകളുടെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് മുന്നില്‍ ഒരു വഴിയുണ്ടായിരുന്നു. മാതാപിതാക്കളില്‍ ഒരാളുടെ വൃക്ക അവളില്‍ വച്ചുപിടിപ്പിക്കുക. എന്നാല്‍ അതിന് ആ മാതാപിതാക്കള്‍ തയ്യാറല്ല. ഇതോടെ അവള്‍ അക്ഷരാര്‍ഥത്തില്‍ മരണത്തെ കാത്തുകിടക്കുന്ന അവസ്ഥയിലായി. അവളൊരു പെണ്ണല്ലേ ? അതുകൊണ്ട് തന്നെ ആര് അവള്‍ക്ക് വൃക്ക ദാനം ചെയ്യും ? എന്നാണ് കാഞ്ചനയുടെ പിതാവ് ചോദിക്കുന്നത്. സ്വന്തം മകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇവര്‍ സര്‍ക്കാര്‍ സഹായവും തേടിയിട്ടില്ല എന്നതാണ് ദുഖകരമായ വസ്തുത.