LiveTV

Live

National

യെദ്യൂരപ്പ വിശ്വാസവോട്ട് നേടി

നിരവധി നാടകങ്ങള്‍ അരങ്ങേറിയ കര്‍ണാടകയില്‍ അപ്രതീക്ഷിതമായൊന്നും നടക്കാതെയാണ് ബി.ജെ.പിയും യെദ്യൂരപ്പയും വിശ്വാസവോട്ട് നേടിയത്.

യെദ്യൂരപ്പ വിശ്വാസവോട്ട് നേടി

കര്‍ണാടകയില്‍ യെദ്യൂരപ്പ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. വിശ്വാസ വോട്ടിനെ എതിര്‍ക്കുന്നുവെന്ന് സിദ്ധരാമയ്യ. ജനാധിപത്യ വിരുദ്ധമായി രൂപീകരിച്ച സര്‍ക്കാരാണ് അധികകാലം യെദ്യൂരപ്പക്ക് മുന്നോട്ട് പോകാനാവില്ലെന്നും സിദ്ധരാമയ്യ. വിശ്വാസവോട്ട് നേടിയതോടെ ആറ് മാസത്തേക്ക് ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ ഭരണം ഉറപ്പിച്ചു.

Also read: കര്‍ണാടക സഭയില്‍ രാത്രിയിലും പ്രതിഷേധിച്ച ബി.ജെ.പി എം.എല്‍.എമാര്‍ക്ക് ഭക്ഷണവുമായി ഭരണപക്ഷം

നിരവധി നാടകങ്ങള്‍ അരങ്ങേറിയ കര്‍ണാടകയില്‍ അപ്രതീക്ഷിതമായൊന്നും നടക്കാതെയാണ് ബി.ജെ.പിയും യെദ്യൂരപ്പയും വിശ്വാസവോട്ട് നേടിയത്. രാവിലെ പത്തിന് സഭ ചേര്‍ന്ന ശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ്. ശബ്ദവോട്ടോടെയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്.

ഇന്നലെ 14 വിമതരെ കൂടി അയോഗ്യരാക്കിയതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിയ്ക്കുമെന്ന ആത്മവിശ്വാസം ബി.ജെ.പിയ്ക്കുണ്ടായിരുന്നു. 107 പേരുടെ പിന്തുണയായിരുന്നു ബി.ജെ.പിയ്ക്കുണ്ടായിരുന്നത്. സ്വതന്ത്രനായിരുന്ന ആര്‍. ശങ്കറിനെ അയോഗ്യനാക്കിയതോടെ, ഒരാള്‍ കുറഞ്ഞു. 17 പേരെ അയോഗ്യരാക്കിയതോടെ, സഭയിലെ ആകെ അംഗസംഖ്യ, 208 ആയി ചുരുങ്ങി. ഇതോടെ കേവല ഭൂരിപക്ഷം 105 ആയി മാറി. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനിപ്പോള്‍ ഉള്ളത് 99 പേര്‍ മാത്രമാണ്.

കഴിഞ്ഞ 14 മാസമായി ഞാന്‍ ചെയ്തതെന്താണെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഓരോ ചോദ്യത്തിനുമുള്ള ഉത്തരം തന്റെ പക്കലുണ്ടെന്നും മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അത് എത്രകാലത്തേക്കുണ്ടാകുമെന്ന് ഉറപ്പിക്കാനാവില്ല. കാരണം നിങ്ങള്‍ കാലുമാറ്റക്കാര്‍ക്കൊപ്പമാണ്. യെദ്യൂരപ്പക്കു കീഴില്‍ സുസ്ഥിര ഭരണം അസാധ്യമാണെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഭരണഘടനാവിരുദ്ധവും നൈതികയില്ലാത്തതുമായ ഈ സര്‍ക്കാരിനെതിരെയാണ് ഞങ്ങള്‍ വോട്ടു ചെയ്യുന്നത് സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷം തെളിയിച്ചതോടെ മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളും പ്രഖ്യാപിക്കാനുള്ള നടപടിയിലേക്ക് കടന്നിരിക്കുകയാണ് ബി.ജെ.പി. വിശ്വാസവോട്ടിന് പിന്നാലെ ധനബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

11 കോണ്‍ഗ്രസ് അംഗങ്ങളെയും 3 ജെ.ഡി.എസ് അംഗങ്ങളെയുമാണ് സ്പീക്കര്‍ ഇന്നലെ അയോഗ്യരാക്കിയത്. ഇവര്‍ക്ക് ഈ നിയമസഭ കാലയളവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ സാധിയ്ക്കില്ല. രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെയും ഒരു കെ.പി.ജെ.പി അംഗത്തെയും സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു. ആകെ, 17 പേരാണ് സഭയില്‍ നിന്ന് പുറത്തായത്. 2023 മെയ് 23 വരെയാണ് അയോഗ്യത.