LiveTV

Live

National

ജമ്മുകാശ്മീരിലേക്ക് പതിനായിരം അര്‍ധ സൈനികരെ കൂടി അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം

ജമ്മുകാശ്മീരിലേക്ക് പതിനായിരം അര്‍ധ സൈനികരെ കൂടി അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

ജമ്മുകാശ്മീരിലേക്ക് പതിനായിരം അര്‍ധ സൈനികരെ കൂടി അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം. അതിനിടെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകര വിരുദ്ധ നീക്കം ശക്തമാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമാണ് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയത്. നിലവനില്‍ രാഷ്ട്രപതി ഭരണത്തിലുള്ള സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ സന്ദര്‍ശനം നടത്തിയിരുന്നു.

പോലീസ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരെ കണ്ട ദോവല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം കൈകൊണ്ടത്. വടക്കന്‍ കശ്മീരിലാണ് ക്രമസമാധന പ്രശ്നങ്ങള്‍ ഏറെയുള്ളത്. മേഖലയില്‍ കുടുതല്‍ സൈനികര്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി ജമ്മുകാശ്മീര്‍ ഡി.ജി.പി വ്യക്കമാക്കി. ലോക്സഭ തെരെഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി ഫെബ്രുവരിയില്‍ 10000 അര്‍ധ സൈനികരെയും, പിന്നീട് അമര്‍നാഥ് തീര്‍ത്ഥാടകരുടെ സുരക്ഷക്കായി 40000 അര്‍ധ സൈനികരെയും അധികമായി വിന്യസിച്ചിരുന്നു. ഇവര്‍ക്ക് പുറമെയാണ് ഇപ്പോഴത്തെ സൈനിക വിന്യാസം. അതിനിടെ , ഷോപ്പിയാന്‍ മേഖലയില്‍ ഇന്നും സുരക്ഷാ സേനയും ഭീരകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ബോന ബസാറിനു പരിസരത്തും നടന്ന വെടിവെപ്പ് മണിക്കൂറുകള്‍ നീണ്ടു.