LiveTV

Live

National

കോണ്‍ഗ്രസ് എംഎല്‍എയെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ബിജെപി മന്ത്രിയുടെ ശ്രമം

കോണ്‍ഗ്രസ് എംഎല്‍എയെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ബിജെപി മന്ത്രിയുടെ ശ്രമം

കോണ്‍ഗ്രസ് എംഎല്‍എയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ബിജെപി മന്ത്രിയുടെ ശ്രമം. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ ഇംറാന്‍ അന്‍സാരിയെയാണ് ബിജെപിനേതാവും നഗരവികസന മന്ത്രിയുമായ സി പി സിങ് നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ന്യൂസ് 18 ഇംഗ്ലീഷ് പുറത്തുവിട്ടു.

ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതിനെ ചൊല്ലി ഇംറാന്‍ അന്‍സാരിയും മറ്റു രണ്ടു എംഎല്‍എമാരും തമ്മില്‍ വാക്കേറ്റം നടക്കുന്നതായും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിസഭാ കെട്ടിടത്തിനു മുന്നില്‍ വെച്ച് സി.പി സിങ് കോണ്‍ഗ്രസ് എംഎല്‍എയുടെ കൈക്കുപിടിച്ചുകൊണ്ട് ജയ് ശ്രീറാം എന്നു പറയണമെന്നും നിങ്ങളുടെ പൂര്‍വികര്‍ ‘രാം വാലെ’കളാണെന്നും ‘ബാബര്‍ വാലെ’കളെല്ലെന്നുമാണു പറയുന്നത്. നിങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തേണ്ടെന്നു ഇംറാന്‍ അന്‍സാരി മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. രാജ്യത്തിന് ആവശ്യം തൊഴിലവസരങ്ങളും വൈദ്യുതിയും വികസനവുമാണെന്നും മതരാഷ്ട്രീയവാദമല്ലെന്നും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. ഈസമയം സമീപത്തുണ്ടായിരുന്ന മറ്റൊരു ബിജെപി എംഎല്‍എ ശര്‍മ, നിങ്ങളുടെ പൂര്‍വികര്‍ ശ്രീരാമനില്‍ വിശ്വസിച്ചിരുന്നുവെന്നു പറയുന്നുണ്ടായിരുന്നു.

ബുധനാഴ്ച നടന്ന മന്ത്രിസഭയുടെ മണ്‍സൂണ്‍ സെഷനിലും ജയ് ശ്രീരാം, ഭാരത് മാതാ കീജയ് വിളികളുയര്‍ന്നിരുന്നു. ബൊകാരയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ വിരാഞ്ചി നാരായണന്‍ ജയ് ശ്രീറാം വിളിച്ചപ്പോള്‍, ഇതിനെ പിന്തുടര്‍ന്ന് നഗരവികസന മന്ത്രി സി.പി സിങും തൊഴില്‍ മന്ത്രി രാജ് പലിവാറും ജയ് ശ്രീറാം വിളിക്കുകയായിരുന്നു. 1927ലെ വനം നിയമത്തെ കുറിച്ചുള്ള സര്‍ക്കാരിന്റെ അഭിപ്രായത്തെ കുറിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെ.എം.എം) എം.എല്‍.എമാര്‍ ചോദ്യങ്ങളുന്നയിച്ചപ്പോഴാണ് ബി.ജെ.പി മന്ത്രിമാരും എം.എല്‍.എമാരും കൂട്ടത്തോടെ ജയ് ശ്രീറാം വിളികളുമായി നേരിട്ടത്. തുടര്‍ന്നു സഭ രണ്ടുതവണ നിര്‍ത്തിവെച്ചിരുന്നു.