LiveTV

Live

National

ശ്വസിക്കുന്നതും പുറത്തുവിടുന്നതും ഓക്‌സിജൻ; പശുവിനെ തടവിയാൽ ആസ്ത്മ മാറും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി 

ശ്വസനപ്രക്രിയയില്‍ പശു ഉള്ളിലേക്കെടുക്കുന്നതും പുറത്തേക്ക് വിടുന്നതും ഓക്സിജന്‍ തന്നെയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ശ്വസിക്കുന്നതും പുറത്തുവിടുന്നതും ഓക്‌സിജൻ; പശുവിനെ തടവിയാൽ ആസ്ത്മ മാറും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി 

ശ്വസനപ്രക്രിയയിൽ പശു ഉള്ളിലേക്കെടുക്കുന്നതും പുറത്തേക്ക് വിടുന്നതും ഓക്‌സിജൻ തന്നെയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ശ്വസന സംബന്ധമായ അസുഖങ്ങൾ ഭേദമാകാൻ പശുവിനെ തടവിയാൽ മതിയെന്നും പശുവുമായി അടുത്ത് താമസിച്ചാൽ ക്ഷയരോഗം ഭേദമാകുമെന്നും റാവത്ത് പറഞ്ഞു. 1979 മുതൽ 2002 വരെ സജീവ ആർ.എസ്.എസ് പ്രവർത്തകനായിരുന്ന അദ്ദേഹം നിലവിൽ ഉത്തരാഖണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവ് കൂടിയാണ്.

ഡെറാഡൂണിൽ പശുവിന്റെ പാലിന്റെയും മൂത്രത്തിന്റെയും മഹത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് ത്രിവേന്ദ്ര സിംഗ് തന്റെ 'വിവരം' വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ വാദത്തെ അദ്ദേഹത്തിന്റെ ഓഫീസ് ന്യായീകരിച്ചു. ഉത്തരാഖണ്ഡിലെ പർവത മേഖലകളിലെ ജനങ്ങൾക്കിടയിലുള്ള വിശ്വാസം മുഖ്യമന്ത്രി ആവർത്തിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

മുൻ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ വസുദേവ് ദെവാനിയും 2017-ൽ സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഗരുഡ ഗംഗ നദിയിലെ വെള്ളം കുടിച്ചാൽ ഗർഭിണികൾക്ക് സിസേറിയൻ ആവശ്യമായി വരില്ലെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ബി.ജെ.പി പ്രസിഡണ്ടും നൈനിത്താൾ എം.പിയുമായ അജയ് ഭട്ട് ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.