LiveTV

Live

National

“ഞങ്ങള്‍ക്ക് നഷ്ടമായ 23 വര്‍ഷം ആര് തിരിച്ചുതരും?” സംലേതി സ്ഫോടന കേസില്‍ കുറ്റവിമുക്തരായവര്‍ ചോദിക്കുന്നു

തങ്ങളുടെ നിരപരാധിത്വം തെളിക്കാനുള്ള പോരാട്ടത്തില്‍ ഒപ്പം നിന്ന ജമാഅത്തെ ഇസ്‍ലാമി ഹിന്ദിന്‍റെ ഓഫീസിലേക്കാണ് പുറത്തിറങ്ങിയ ശേഷം എല്ലാവരും ആദ്യം പോയത്.

“ഞങ്ങള്‍ക്ക് നഷ്ടമായ 23 വര്‍ഷം ആര് തിരിച്ചുതരും?” സംലേതി സ്ഫോടന കേസില്‍ കുറ്റവിമുക്തരായവര്‍ ചോദിക്കുന്നു

''ഞാന്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ഉമ്മയും ഉപ്പയും രണ്ട് അമ്മാവന്‍മാരും മരിച്ചുപോയി. ഞങ്ങളെ ഇപ്പോള്‍ കുറ്റവിമുക്തരാക്കി. പക്ഷേ, ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട 23 വര്‍ഷങ്ങള്‍ ആര് തിരിച്ചുതരും?"- സംലേതി സ്‌ഫോടനക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട് നീണ്ട 23 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ ഒരാളായ റയീസ് ബേഗ് ചോദിക്കുന്നു. ബേഗിനെ സ്വീകരിക്കാന്‍ വന്ന മകന്‍ റിസ്വാനും സഹോദരന്‍ സലീമും അയാളെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഈ വര്‍ഷങ്ങളില്‍ ഒരിക്കലും പ്രതീക്ഷ കൈവിട്ടിരുന്നില്ലെന്ന് സലീം പറഞ്ഞു.

“ഞങ്ങള്‍ക്ക് നഷ്ടമായ 23 വര്‍ഷം ആര് തിരിച്ചുതരും?” സംലേതി സ്ഫോടന കേസില്‍ കുറ്റവിമുക്തരായവര്‍ ചോദിക്കുന്നു

1996 മെയ് 22ന് രാജസ്ഥാനിലെ സംലേതിയില്‍ വെച്ച് ബസിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഈ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് 23 വര്‍ഷം ജയിലിലായിരുന്ന ആറ് പേരെയാണ് രാജസ്ഥാന്‍ ഹൈക്കോടതി നിരപരാധികളെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം വെറുതെവിട്ടത്. ഡല്‍ഹിയിലും കാഠ്മണ്ഡുവിലും കശ്മീരി കരകൗശല വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന ലത്തീഫ് അഹ്മദ് ബാജ(42), അലി ഭട്ട്(48), ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മിര്‍സാ നിസാര്‍(39), ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ നിന്നുള്ള അബ്ദുല്‍ ഗോനി(57), ആഗ്ര സ്വദേശി റയീസ് ബേഗ്(56) എന്നിവരെയാണ് മോചിപ്പിച്ചത്. ആറാമന്‍ ജാവേദ് ഖാന്‍ ലാജ്പത് നഗര്‍ സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് തിഹാര്‍ ജയിലില്‍ ആയതിനാല്‍ പുറത്തിറങ്ങാനായില്ല. കേസില്‍ ഇതുവരെ ഏഴ് പേരെയാണ് കോടതി ഇതുവരെ വെറുതെ വിട്ടത്.

1997 ജൂണ്‍ 17നും ജൂലൈ 27നും ഇടയില്‍ കസ്റ്റഡിയിലെടുത്ത ഇവര്‍ക്ക് ഒരിക്കല്‍പോലും ജാമ്യമോ പരോളോ അനുവദിച്ചിരുന്നില്ല. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു കുറ്റപത്രം. എന്നാല്‍ ഇവരില്‍ ആര്‍ക്കും കേസിലെ മുഖ്യപ്രതിയെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്ത ഡോ. അബ്ദുല്‍ ഹമീദുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല.

“ഞങ്ങള്‍ക്ക് നഷ്ടമായ 23 വര്‍ഷം ആര് തിരിച്ചുതരും?” സംലേതി സ്ഫോടന കേസില്‍ കുറ്റവിമുക്തരായവര്‍ ചോദിക്കുന്നു

ജയിലില്‍ അടയ്ക്കുമ്പോള്‍ 16 വയസ്സായിരുന്നു തന്‍റെ പ്രായമെന്ന് കുറ്റവിമുക്തനായ മിര്‍സ നിസാര്‍ പറയുന്നു. പക്ഷേ കസ്റ്റഡിയിലെടുത്തപ്പോള്‍ അധികൃതര്‍ പ്രായം 19 എന്ന് രേഖപ്പെടുത്തി. ഇപ്പോള്‍ 39 വയസ്സായി. വിവാഹമൊക്കെ കഴിച്ച് പുതിയൊരു ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് മിര്‍സ പറഞ്ഞു.

താന്‍ വിവാഹം ചെയ്തിട്ടില്ലെന്ന് അഹമ്മദ് ബാജ പറഞ്ഞു. കഷണ്ടി തല ചൂണ്ടിക്കാട്ടി ബാജ ചോദിക്കുന്നത് ഇനിയൊരു വധുവിനെ ലഭിക്കുമോ എന്നാണ്. താന്‍ ഇപ്പോഴും അന്ധാളിച്ചുനില്‍ക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് തന്നെ മനസ്സിലാവുന്നില്ല. ജയിലില്‍ ആയിരുന്നപ്പോള്‍ താനും നിസാറും സ്ഥിരമായി വ്യായാമം ചെയ്യാറുണ്ടായിരുന്നു. അലി ഭട്ട് രണ്ട് തവണ ഖുറാന്‍ പകര്‍ത്തിയെഴുതി ഒരു കോപ്പി ശ്രീനഗറിലെ വീട്ടിലേക്ക് അയച്ചുകൊടുത്തു.

“ഞങ്ങള്‍ക്ക് നഷ്ടമായ 23 വര്‍ഷം ആര് തിരിച്ചുതരും?” സംലേതി സ്ഫോടന കേസില്‍ കുറ്റവിമുക്തരായവര്‍ ചോദിക്കുന്നു

23 വര്‍ഷത്തിന് ശേഷം പുറത്തുവരുമ്പോള്‍ പുറത്തെ ലോകം എന്തെന്ന് അറിയില്ലെന്നായിരുന്നു മുഹമ്മദ് ഗോനിയുടെ പ്രതികരണം. പുറത്തിറങ്ങി ബന്ധുക്കളോട് സംസാരിക്കാന്‍ മൊബൈല്‍ ഫോണ്‍ എങ്ങനെയാണ് ഉപയോഗിക്കുക എന്ന് പോലും അവര്‍ക്ക് അറിയില്ലായിരുന്നു. പരസഹായത്തോടെ ഫോണില്‍ സംസാരിച്ചു. ജമ്മുവിലുള്ള ഗോനിയുടെ സഹോദരി സുരയ്യ ഫോണില്‍ കരയുകയായിരുന്നു- "അവന്‍റെ യുവത്വം കഴിഞ്ഞുപോയി. ഞങ്ങളുടെ മാതാപിതാക്കള്‍ മരിച്ചു. അവനെയോര്‍ത്ത് കരഞ്ഞ് എന്‍റെ കണ്ണീര് വറ്റി എനിക്ക് വയസ്സായി. അവന്‍ ആദ്യം ഒന്ന് വീട്ടിലേക്ക് വരട്ടെ. അത് കഴിഞ്ഞ് ഞാന്‍ എല്ലാം പറയാം", സുരയ്യ പറഞ്ഞു.

തങ്ങളുടെ നിരപരാധിത്വം തെളിക്കാനുള്ള പോരാട്ടത്തില്‍ ഒപ്പം നിന്ന ജമാഅത്തെ ഇസ്‍ലാമി ഹിന്ദിന്‍റെ ഓഫീസിലേക്കാണ് പുറത്തിറങ്ങിയ ശേഷം എല്ലാവരും ആദ്യം പോയത്. ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും വിശപ്പില്ലായിരുന്നു. പുറത്തെ സ്വാതന്ത്ര്യം ആസ്വദിച്ചതോടെ അവര്‍ക്ക് വിശപ്പ് കെട്ടു.