LiveTV

Live

National

രാജീവ് ഗാന്ധിയെക്കുറിച്ചുള്ള മോദിയുടെ ആരോപണം തെറ്റെന്നു തെളിയിച്ച് നാവിക സേന രേഖകൾ 

1988-ൽ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉദ്ധരിച്ച് ട്വിറ്ററിലും മോദി ആരോപണമുന്നയിച്ചിരുന്നു. ഇന്ത്യാ ടുഡേ തന്നെ നടത്തിയ അന്വേഷണത്തിലാണ് മോദിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് വ്യക്തമാകുന്നത്.

രാജീവ് ഗാന്ധിയെക്കുറിച്ചുള്ള മോദിയുടെ ആരോപണം തെറ്റെന്നു തെളിയിച്ച് നാവിക സേന രേഖകൾ 

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നാവികസേനയുടെ കപ്പൽ 'പേഴസണൽ ടാക്‌സി' ആയി ഉപയോഗിച്ചിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം നിഷേധിച്ച് നാവികസേന. മെയ് 19-ന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിലാണ് മോദി, യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാടിനെ രാജീവ് ഗാന്ധിയും കുടുംബവും സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചു എന്ന് ആരോപിച്ചത്. ലക്ഷദ്വീപിൽ അവധിക്കാലം ചെലവിട്ട രാജീവ് ഗാന്ധിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സോണിയ ഗാന്ധിയുടെ ബന്ധുക്കളും ഉണ്ടായിരുന്നു എന്നും മോദി പ്രസംഗിച്ചു.

1988-ൽ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉദ്ധരിച്ച് ട്വിറ്ററിലും മോദി ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, ഇന്ത്യാ ടുഡേ തന്നെ നടത്തിയ അന്വേഷണത്തിലാണ് മോദിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് വ്യക്തമാകുന്നത്. രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപ് യാത്ര വ്യക്തിപരമായിരുന്നില്ലെന്നും ഔദ്യോഗിക യാത്രയായിരുന്നുവെന്നും വിവരാവകാശ രേഖ പറയുന്നു.

നാവികസേനാ കപ്പലുകൾ എത്രതവണ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട് എന്ന അന്വേഷണത്തിന് 'അധികൃതമല്ലാത്ത / സ്വകാര്യ യാത്രകൾ ഇന്ത്യൻ നാവികസേനാ കപ്പലുകളിൽ അനുവദനീയമല്ല' എന്ന് നാവികസേന മറുപടി നൽകി.

1987-ൽ രാജീവ് ഗാന്ധി സ്വകാര്യ അവധിക്കാല ആഘോഷത്തിന് ഐ.എൻ.എസ് വിരാട് ഉപയോഗിച്ചോ എന്ന ചോദ്യത്തിന് 'മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1987 ഡിസംബർ 28-നാണ് തിരുവനന്തപുരത്തു നിന്ന് ഐ.എൻ.എസ് വിരാടിൽ കയറിയത്. ഡിസംബർ 29-ന് മിനിക്കോയ് ദ്വീപിൽ ഇറങ്ങുകയും ചെയ്തു. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയ്ക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര.'

രാജീവ് ഗാന്ധിക്കൊപ്പം ആരൊക്കെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് 'ശ്രീമതി സോണിയ ഗാന്ധി രാജീവ് ഗാന്ധിക്കൊപ്പം ഐ.എൻ.എസ് വിരാടിൽ കയറിയിരുന്നു. പ്രധാനമന്ത്രിയെ മറ്റാരെങ്കിലും അനുഗമിച്ചതിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല' എന്നും മറുപടി നൽകി. 1987-ൽ കപ്പലിൽ വിദേശികൾ കയറിയതായി രേഖകൾ ഇല്ലെന്നും യാത്രയുടെ ചെലവിനെക്കുറിച്ച വിവരങ്ങൾ ലഭ്യമല്ലെന്നും നാവികസേന ആസ്ഥാനം വ്യക്തമാക്കി.