LiveTV

Live

National

കര്‍ണാടകയില്‍ മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

2023 മെയ് 23 വരെയാണ് അയോഗ്യത.

കര്‍ണാടകയില്‍ മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ അയോഗ്യതയില്‍ നടപടി ആരംഭിച്ച് സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍. കെ.പി.ജെ.പി എം.എല്‍.എ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇന്ന് അയോഗ്യരാക്കിയത്. ബാക്കിയുള്ളവരുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. ബാക്കിയുള്ളവരുടെ കാര്യത്തില്‍ കൂടി തീരുമാനമുണ്ടായെങ്കില്‍ മാത്രമെ, ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിയ്ക്കൂ എന്നാണ് സൂചനകള്‍.

കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച, ഗോഗാക്ക് എം.എല്‍.എ, രമേഷ് ജാര്‍ക്കിഹോളി, അഥാനി എം.എല്‍.എ മഹേഷ് കുമത്തലി, കെ.പി.ജെ.പി എം.എല്‍.എ ആര്‍. ശങ്കര്‍ എന്നിവരെയാണ് അയോഗ്യരാക്കിയത്. 2023 മെയ് 23വരെയാണ് അയോഗ്യത. സ്വതന്ത്ര എം.എല്‍.എ ആയാണ് ആര്‍. ശങ്കര്‍, മന്ത്രി സ്ഥാനം രാജിവെച്ച് ബി.ജെ.പിയ്ക്ക് പിന്തുണ അറിയിച്ചത്. കെ.പി.ജെ.പി എന്ന പാര്‍ട്ടി ടിക്കറ്റിലായിരുന്നു ശങ്കര്‍ മത്സരിച്ചത്. ഈ പാര്‍ട്ടി പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചതായി നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. ഇതിനാലാണ് കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തെന്നും സ്പീക്കര്‍ അറിയിച്ചു.

വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ തീരുമാനമായെങ്കില്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിയ്ക്കൂ എന്നാണ് ബിജെപി കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. ഇവരെ അയോഗ്യരാക്കുകയോ രാജി സ്വീകരിയ്ക്കുകയോ ചെയ്താല്‍ സഭയിലെ അംഗസംഖ്യ കുറയും. അല്ലാത്തപക്ഷം സാങ്കേതികമായി ഇവര്‍ എം.എല്‍.എമാര്‍ തന്നെയാണ്.

വിമതരില്‍ ചിലര്‍, സിദ്ധരാമയ്യയോട് കൂറുപുലര്‍ത്തുന്നവരാണെന്ന് ബി.ജെ.പിയ്ക്ക് കൃത്യമായി അറിയാം. ഇതിനാല്‍ തന്നെ, എം.എല്‍.എമാര്‍ക്കെതിരായ നടപടിയ്ക്ക് മുന്‍പായി സര്‍ക്കാര്‍ രൂപീകരിച്ചാല്‍, ഭൂരിപക്ഷം തെളിയിക്കാന്‍ സാധിയ്ക്കാത്ത അവസ്ഥ വരും. ഇതാണ് ബി.ജെ.പി കേന്ദ്ര കമ്മിറ്റിയുടെ മൗനത്തിന് കാരണം.