LiveTV

Live

National

രാജ്യസഭയില്‍ ആര്‍.ടി.ഐ ബില്ലില്‍ കള്ളവോട്ട് ശ്രമം ആരോപിച്ച് പ്രതിപക്ഷം

മന്ത്രിമാര്‍ മറ്റംഗങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് സ്ലിപില്‍ ഒപ്പുവെച്ചെന്നും ഇങ്ങനെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ 303 വോട്ട് നേടിയതെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.

രാജ്യസഭയില്‍ ആര്‍.ടി.ഐ ബില്ലില്‍ കള്ളവോട്ട് ശ്രമം ആരോപിച്ച് പ്രതിപക്ഷം

രാജ്യസഭയില്‍ ആര്‍.ടി.ഐ നിയമഭേദഗതി ബില്ലിന്മേല്‍ കള്ളവോട്ട് ശ്രമം ആരോപിച്ച് പ്രതിപക്ഷം. മന്ത്രിമാര്‍ അംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് വോട്ട് നേടിയതെന്ന് പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ഇതോടെ ഭരണപക്ഷം ബഹളം വെച്ചു. തുടര്‍ന്ന് അവിശ്വാസം ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

വിവരാവകാശ നിയമ ഭേദഗതി ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയമാണ് രാജ്യസഭ ആദ്യം വോട്ടിനിട്ടത്. വോട്ടെടുപ്പ് തുടങ്ങിയതോടെ സഭ അലങ്കോലപ്പെട്ടു. ഭരണപക്ഷം വോട്ടഭ്യര്‍ഥിക്കാനിറങ്ങിയത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മന്ത്രിമാര്‍ മറ്റംഗങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് സ്ലിപില്‍ ഒപ്പുവെച്ചെന്നും ഇങ്ങനെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ 303 വോട്ട് നേടിയതെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. ഇതോടെ ഭരണപക്ഷവും ബഹളം വെച്ചു.

പിന്നാലെ സര്‍ക്കാരില്‍ അവിശ്വാസം ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ രാജ്യസഭ ബില്‍ പാസാക്കി. ടി.ഡി.പിയില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന സി.എം രമേശ് എം.പി ടി.ഡി.പിയുടെ സ്ലിപ് വാങ്ങിയാണ് വോട്ട് ചെയ്‌തെന്ന് സി.പി.എം എം.പി കെ.കെ രാഗേഷ് പിന്നീട് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.