LiveTV

Live

National

1.68 കിലോ ആഭരണങ്ങള്‍, 60 നാണയങ്ങള്‍; ബംഗാളി വനിതയുടെ വയറ്റില്‍ നിന്നും പുറത്തെടുത്ത സാധനങ്ങളാണിവ...

ഒരു മണിക്കൂര്‍ 15 മിനിട്ട് നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത വസ്തുക്കള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആശുപത്രി ജീവനക്കാരും ബന്ധുക്കളും

 1.68 കിലോ ആഭരണങ്ങള്‍, 60 നാണയങ്ങള്‍; ബംഗാളി വനിതയുടെ വയറ്റില്‍ നിന്നും പുറത്തെടുത്ത സാധനങ്ങളാണിവ...

1.68 കിലോ ഗ്രാം തൂക്കം വരുന്ന ആഭരണങ്ങള്‍, 60 നാണയങ്ങള്‍...ഇരുപത്തിരണ്ടുകാരിയായ ബംഗാളി വനിതയുടെ വയറ്റില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തെടുത്ത സാധനങ്ങളാണിവ. ബംഗാളിലെ രാംപുരത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ബുധനാഴ്ചയാണ് ഈ കൌതുകരമായ ശസ്ത്രക്രിയ നടന്നത്. ഒരു മണിക്കൂര്‍ 15 മിനിട്ട് നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത വസ്തുക്കള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആശുപത്രി ജീവനക്കാരും ബന്ധുക്കളും.

റൂണി കൌത്തന്‍ എന്ന സ്ത്രീയുടെ വയറ്റില്‍ നിന്നുമാണ് ഇത്രയും സാധനങ്ങള്‍ നീക്കം ചെയ്തത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും മനശാസ്ത്രജ്ഞനെ കാണിക്കാനായി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് ഡപ്യൂട്ടി സൂപ്രണ്ട് ഷര്‍മ്മിള മൌലിക് പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം റൂണിയുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും ഷര്‍മ്മിള വ്യക്തമാക്കി.

ബീര്‍ഭും ജില്ലയിലെ രാംപുര സബ്ഡിവിഷനിലെ മാര്‍ഗ്രം സ്വദേശിയാണ് റൂണി. വയറ് വേദനയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് റൂണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുന്നത്. റേഡിയോളജിക്കല്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് വയറ്റില്‍ ലോഹസംബന്ധമായ വസ്തുക്കള്‍ ഉള്ളതായി കണ്ടെത്തിയത്. ഇവര്‍ വിഴുങ്ങിയ ആഭരണങ്ങളെല്ലാം മുക്കുപണ്ടങ്ങളാണ്. മാലകള്‍, മോതിരങ്ങള്‍ ഇവയെല്ലാം ഇതില്‍പ്പെടും. ഒരു വാച്ചും റൂണിയുടെ വയറ്റിലുണ്ടായിരുന്നു. റൂണിയുടെ സഹോദരന്‍ നടത്തുന്ന ഫാന്‍സി ഷോപ്പില്‍ നിന്നുമായിരിക്കാം ആഭരണങ്ങള്‍ വിഴുങ്ങിയതെന്ന നിഗമനത്തിലാണ് ബന്ധുക്കള്‍.

വീട്ടില്‍ നിന്നും ആഭരണങ്ങള്‍ അപ്രത്യക്ഷമാകുന്നതുകൊണ്ട് സംശയം തോന്നി മകളോട് ചോദിച്ചപ്പോള്‍ അവര്‍ കരയുകയായിരുന്നുവെന്നും റൂണിക്ക് മാനസിക പ്രശ്നമുള്ളതായും മാതാവ് പറഞ്ഞു. വിശപ്പ് തോന്നുമ്പോഴാണ് റൂണി ആഭരണങ്ങള്‍ വിഴുങ്ങുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.