LiveTV

Live

National

ട്രംപ് ഭരണകൂടം ഈ വർഷം നാടുകടത്തിയത് 550 ഇന്ത്യക്കാരെ; 350 പേർ തടവിൽ 

വിസ നിയമങ്ങൾ കർശനമല്ലാത്ത ബ്രസീൽ, ഇക്വഡോർ പോലുള്ള ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലെത്തി അവിടെ നിന്ന് റോഡ് മാർഗം അമേരിക്കയിൽ പ്രവേശിക്കാനാണ് പലരും ശ്രമിക്കുന്നത് 

ട്രംപ് ഭരണകൂടം ഈ വർഷം നാടുകടത്തിയത് 550 ഇന്ത്യക്കാരെ; 350 പേർ തടവിൽ 

യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടിക്ക് ഇരയാകുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചു വരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 550 ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയത്. ഓരോ ദിവസവും ശരാശരി മൂന്നു പേർ എന്ന വിധമാണ് അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ ട്രംപ് ഭരണൂടം നാടുകടത്തുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു. 350-ലേറെ ഇന്ത്യക്കാർ തടവുകേന്ദ്രങ്ങളിലുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

2018 ആദ്യ ആറു മാസങ്ങളിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തേക്കാൾ 50 ശതമാനം വർധനയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ആകെ 790 പേരെയാണ് അമേരിക്ക പിടികൂടി തിരിച്ചയച്ചത്. ട്രംപ് ഭരണകൂടം വിസ നിയമങ്ങൾ കർശനമാക്കിയതോടെ തിരിച്ചയക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷമായി വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. യു.എസ് ബോർഡർ പട്രോൾ സ്റ്റാറ്റിറ്റിക്‌സ് പ്രകാരം 2018-ൽ മാത്രം തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ വെച്ച് 8,997 ഇന്ത്യക്കാർ തടവിലായിട്ടുണ്ട്.

ഭേദപ്പെട്ട ജീവിതം വാഗ്ദാനം ചെയ്ത് അമേരിക്കയിലേക്ക് കുടിയേറാൻ 'സഹായിക്കുന്ന' ഏജന്റുമാരാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നതെന്നും പണമോ ഭക്ഷണമോ സുരക്ഷയോ ഇല്ലാതെ ദുർഘടമായ വഴിയിലൂടെയാണ് പലരും കുടിയേറ്റ ശ്രമം നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ മാസം യു.എസ് - മെക്‌സിക്കോ അതിർത്തിയിലൂടെ അമേരിക്കയിൽ പ്രവേശിക്കാൻ ശ്രമിച്ച ആറു വയസ്സുകാരി ഗുർപ്രീത് കൗർ കടുത്ത ചൂടിൽ വെള്ളവും ഭക്ഷണവും കിട്ടാതെ മരണത്തിന് കീഴടങ്ങിയിരുന്നു.

വിസ നിയമങ്ങൾ കർശനമല്ലാത്ത ബ്രസീൽ, ഇക്വഡോർ പോലുള്ള ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലെത്തി അവിടെ നിന്ന് റോഡ് മാർഗം അമേരിക്കയിൽ പ്രവേശിക്കാനാണ് പലരും ശ്രമിക്കുന്നതെന്ന് അധികൃതർ പറയുന്നു.