LiveTV

Live

National

വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങൾ സ്പീക്കർ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും

സർക്കാർ താഴെ വീണെങ്കിലും എം.എൽ.എമാരെ അയോഗ്യരാക്കാൻ കോൺഗ്രസും ജെ.ഡി.എസും നിയമപ്പോരാട്ടം തുടരുമെന്നാണ് സൂചന

വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങൾ സ്പീക്കർ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും

കർണാടകയിൽ നടന്ന വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങൾ സ്പീക്കർ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. സ്വതന്ത്ര എം.എൽ.എ മാരുടെ ഹരജിക്ക് മറുപടി ആയാണ് സ്പീക്കർ ഇക്കാര്യം അറിയിക്കുക . സർക്കാർ താഴെ വീണെങ്കിലും എം.എൽ.എമാരെ അയോഗ്യരാക്കാൻ കോൺഗ്രസും ജെ.ഡി.എസും നിയമപ്പോരാട്ടം തുടരുമെന്നാണ് സൂചന.

കർണാടകയിൽ എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്താൻ നിർദ്ദേശിക്കണം എന്നായിരുന്നു സ്വതന്ത്ര എം.എൽ.എമാരായ എച്ച്. നാഗേഷും ആർ. ശങ്കറും സമർപ്പിച്ച ഹരജിയിലെ ആവശ്യം . ഇന്നലെ വിശ്വാസ വോട്ടെടുപ്പ് നടന്ന തോടെ ഈ ഹരജി അപ്രസക്തമായി. എങ്കിലും ഇന്ന് നിശ്ചയിച്ച പ്രകാരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കും. ഈ സമയം, വിശ്വാസ വോട്ടെടുപ്പ് നടന്ന കാര്യവും ഫലം അടക്കമുള്ള വിശദാംശങ്ങളും സ്പീക്കർ കെ.ആർ രമേഷ് കുമാർ അഭിഭാഷകൻ മുഖേനെ സുപ്രിം കോടതിയെ അറിയിക്കും. ഇതോടെ, സ്വതന്ത്ര എം.എൽ.എമാരുടെ ഹരജി കലഹരണപ്പെട്ടെന്ന് വിലയിരുത്തി കോടതി കേസ് അവസാനിപ്പിക്കാനാണ് സാധ്യത. അതേസമയം, കർണാടക രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങൾ ഉടനെ അവസാനിക്കാനിടയില്ല.

വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസും ജെ.ഡി.എസുമുള്ളത്. അത് കൊണ്ട് തന്നെ, ബുധനാഴ്ചത്തെ വിധിയിലെ വിപ്പ് സംബസിച്ച നിർദേശത്തിൽ വ്യക്‌തത തേടി സമർപ്പിച്ച ഹരജിയുമായി ഇരുപാർട്ടികളും മുന്നോട്ടുപോകാനിടയുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കനുസരിച്ച് പുതിയ ഹരജി സമർപ്പിച്ച് നീങ്ങാനാണ് മറ്റൊരു സാധ്യത.