LiveTV

Live

National

ശിവരൂപം കെട്ടി ലാലു പ്രസാദിന്റെ മകന്‍ പട്‌ന ക്ഷേത്രത്തില്‍... കാരണം ?

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പട്‌നയിലെ ശിവക്ഷേത്രത്തില്‍ ഇതേ വേഷത്തില്‍ പ്രാര്‍ഥനക്ക് എത്തിയിരുന്നു

ശിവരൂപം കെട്ടി ലാലു പ്രസാദിന്റെ മകന്‍ പട്‌ന  ക്ഷേത്രത്തില്‍... കാരണം ?

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് ഇപ്പോള്‍ പുതിയൊരു അവതാര വേഷത്തിലാണ്. പട്‌നയിലെ ഒരു ശിവക്ഷേത്രത്തില്‍ ശിവരൂപം കെട്ടി ധ്യാനിക്കുന്ന തേജിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ശിവരൂപത്തിലുള്ള ആര്‍.ജെ.ഡി നേതാവ് തേജിന്റെ ചിത്രങ്ങള്‍ ഇതിനോടകം നവമാധ്യമങ്ങളില്‍ വൈറലാണ്. ഇതാദ്യമായല്ല, തേജ് ശിവരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പട്‌നയിലെ ശിവക്ഷേത്രത്തില്‍ ഇതേ വേഷത്തില്‍ തേജ് പ്രാര്‍ഥനക്ക് എത്തിയിരുന്നു. ഇതിന് മുമ്പ് മെയ് 12 ന് തേജ് പ്രതാപിന്റെ വിവാഹത്തിന് മുന്‍പ് വധു ഐശ്വര്യ റായിയെ പാര്‍വതിയാക്കിയും തേജ് പ്രതാപിനെ ശിവനാക്കിയുമുള്ള കട്ടൗട്ടുകളും പാര്‍ട്ടിക്കാര്‍ പുറത്തിറക്കിയിരുന്നു. 2017 ല്‍ പശുത്തൊഴുത്തില്‍ നിന്ന് തലയില്‍ മയില്‍പ്പീലി ചൂടി ഓടക്കുഴല്‍ വായിക്കുന്ന തേജ് പ്രതാപിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത്തവണ വെള്ള മുണ്ടും അരയില്‍ പുലിത്തോവും കയ്യിലും നെറ്റിയിലും നെഞ്ചിലും ഭസ്മവും അണിഞ്ഞുള്ള തേജിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. 30 കാരനായ തേജ്, തന്റെ പിതാവിനും ബിഹാറിലെ ജനങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കാനാണ് ഈ വേഷത്തില്‍ ക്ഷേത്രത്തിലെത്തിയതെന്ന് പറയുന്നു. അംഗരക്ഷകരോടൊപ്പം ആയിരുന്നു തേജ് ക്ഷേത്രത്തില്‍ എത്തിയത്. ഏതായാലും തേജിന്റെ വേഷപ്രച്ഛന്നത്തെ പരിഹസിച്ച് നവമാധ്യമങ്ങളില്‍ ട്രോളുകളുടെ ഒഴുക്കാണ്.