LiveTV

Live

National

വ്യവസായി പ്രമോദ് മിത്തല്‍ ബോസ്നിയയില്‍ അറസ്റ്റില്‍

അധികാര ദുര്‍വിനിയോഗം, സാമ്പത്തിക ക്രമക്കേട് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രമോദ് മിത്തലിനെ അറസ്റ്റ് ചെയ്തത്.

വ്യവസായി പ്രമോദ് മിത്തല്‍ ബോസ്നിയയില്‍ അറസ്റ്റില്‍

വ്യവസായിയും പ്രമുഖ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരനുമായ പ്രമോദ് മിത്തല്‍ ബോസ്‌നിയയില്‍ അറസ്റ്റില്‍. അധികാര ദുര്‍വിനിയോഗം, സാമ്പത്തിക ക്രമക്കേട് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രമോദ് മിത്തലിനെ അറസ്റ്റ് ചെയ്തത്.

പ്രമോദ് മിത്തലിന് പങ്കാളിത്തമുള്ള ലൂക്കാവക്കിലെ ജി.ഐ.കെ.ഐ.എല്‍ പ്ലാന്റുമായി ബന്ധപ്പെട്ടാണ് കേസ്. 1000 തൊഴിലാളികളാണ് ഈ പ്ലാന്‍റില്‍ ജോലി ചെയ്യുന്നത്. സാമ്പത്തിക ക്രമക്കേടുകളും അധികാര ദുര്‍വിനിയോഗവുമാണ് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്. 20 കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 45 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

2003ലാണ് ജി.ഐ.കെ.ഐ.എല്‍ സ്ഥാപിച്ചത്. പ്രമോദ് മിത്തലിന്‍റെ ഗ്ലോബല്‍ സ്റ്റീല്‍ ഹോള്‍ഡിങ്‌സും പ്രാദേശിക പൊതുമേഖലാ സ്ഥാപനമായ കെ.എച്ച്‌.കെയും സംയുക്തമായാണ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. വ്യവസായശാലകള്‍ക്കാവശ്യമായ ഇന്ധന വിതരണമാണ് ഈ കമ്പനി നടത്തുന്നത്.

പ്രമോദിനെ കൂടാതെ കമ്പനിയുടെ ജനറല്‍ മാനേജര്‍ പരമേശ് ഭട്ടാചാര്യയേയും ഒരു സൂപ്പര്‍വൈസറി ബോര്‍ഡ് അംഗത്തേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രമോദ് മിത്തലിന് ബാല്‍ക്കന്‍സില്‍ നിരവധി കമ്പനികളുണ്ട്. ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രമോദ് മിത്തലിനെ ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചത് ലക്ഷ്മി മിത്തലായിരുന്നു.