LiveTV

Live

National

എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയും: പ്രിയങ്ക ഗാന്ധി

“എല്ലാവരെയും വിലയ്ക്ക്‌ വാങ്ങാന്‍ കഴിയാത്ത, എല്ലാവരെയും ഭീഷണിപ്പെടുത്താന്‍ സാധിക്കാത്ത, എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിവസം വരും”

എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയും: പ്രിയങ്ക ഗാന്ധി

കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജനതാദള്‍ സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയുമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

"എല്ലാവരെയും വിലയ്ക്ക്‌ വാങ്ങാന്‍ കഴിയാത്ത, എല്ലാവരെയും ഭീഷണിപ്പെടുത്താന്‍ സാധിക്കാത്ത, എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിവസം വരും. അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബി.ജെ.പിയുടെ അനിയന്ത്രിതമായ അഴിമതി സഹിക്കേണ്ടിവരും. അതുവരെ ജനപക്ഷത്ത് നില്‍ക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കല്‍, അധ്വാനവും ത്യാഗവും കൊണ്ട് കെട്ടിപ്പടുത്ത ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവ സഹിക്കേണ്ടി വരും"- പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. നാല് ദിവസം നീണ്ട വിശ്വാസപ്രമേയ ചര്‍ച്ചക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ 99 പേര്‍ കുമാരസ്വാമി സര്‍ക്കാറിനെ അനുകൂലിച്ചപ്പോള്‍ 105 അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തു. 19 വിമത എം.എല്‍.എമാരും രണ്ട് സ്വതന്ത്ര എം.എല്‍.എമാരും സഭയില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു.

വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റേയും എം.എല്‍.എമാരെ ബി.ജെ.പി ഭീഷണിപ്പെടുത്തിയും പണം കൊടുത്തും സ്വാധീനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കുമാരസ്വാമി സര്‍ക്കാര്‍ വീണതിനു പിന്നാലെ, സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചു. ഇന്നലെ തന്നെ ബി.ജെ.പി നിയമസഭാ കക്ഷി യോഗം ചേര്‍ന്നു. ഇന്ന് ബി.എസ് യെദിയൂരപ്പ ഗവര്‍ണറെ കാണും.