LiveTV

Live

National

യു.എ.പി.എ ഭേദഗതി ബില്ലിനെതിരെ ലോക്സഭയില്‍ വോട്ട് ചെയ്ത ആ എട്ട് എം.പിമാര്‍ ഇവരാണ്...

യു.എ.പി.എ  ഭേദഗതി ബില്ലിനെതിരെ ലോക്സഭയില്‍ വോട്ട് ചെയ്ത ആ എട്ട് എം.പിമാര്‍ ഇവരാണ്...

വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ എൻ.ഐ.എക്ക് അധികാരം നൽകുന്ന യു.എ.പി.എ ഭേദഗതി ബിൽ ലോക്‌സഭയില്‍ പാസ്സാക്കിയപ്പോള്‍ ബില്ലിനെതിരെ എതിര്‍ത്ത് വോട്ട് ചെയ്തത് ആകെ എട്ട് പേരാണ്. 287 എം.പിമാർ നിയമഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ മുസ്‌ലിം ലീഗ് എം.പിമാർ അടക്കം എട്ടുപേർ ബില്ലിനെ എതിർത്ത് സഭയില്‍ വോട്ട് ചെയ്തു. കോൺഗ്രസ്, സി.പി.എം അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

ബില്ലിനെതിരെ സഭയില്‍ വോട്ട് ചെയ്ത ആ എട്ടുപേര്‍ ഇവരാണ്. (പാര്‍ട്ടി ബ്രാക്കറ്റില്‍)

  • പി കെ കുഞ്ഞാലിക്കുട്ടി(മുസ്‌ലിം ലീഗ്)
  • ഇ ടി മുഹമ്മദ് ബഷീർ(മുസ്‌ലിം ലീഗ്)
  • നവാസ് കനി (മുസ്‌ലിം ലീഗ്)
  • അസദുദ്ദീൻ ഉവൈസി (എ.ഐ.എം.ഐ.എം)
  • ഇംതിയാസ് ജലീൽ (എ.ഐ.എം.ഐ.എം)
  • ഹസ്‌നൈൻ മസൂദി (നാഷണല്‍ കോണ്‍ഫറന്‍സ്)
  • മുഹമ്മദ് അക്ബർ ലോൺ (നാഷണല്‍ കോണ്‍ഫറന്‍സ്)
  • ബദറുദ്ദീൻ അജ്മൽ (എ.യു.ഡി.എഫ്)

അന്വേഷിക്കുന്ന കേസിലെ പ്രതികളുടെ വസ്തുവകകൾ പിടിച്ചെടുക്കുന്നതിന് എൻ.ഐ.എ ഡയറക്ടർ ജനറലിന് അധികാരം നൽകുന്നതും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ ഏജൻസിക്ക് അനുവാദം നൽകുന്നതുമടക്കമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന വകുപ്പ് അമേരിക്കയും പാകിസ്താനും ചൈനയും ഇസ്രയേലും അടക്കമുള്ള രാജ്യങ്ങളിൽ ഉണ്ടെന്ന് അമിത് ഷാ പറഞ്ഞു.

ഭരണഘടന ആർട്ടിക്കിൾ 21-ന്റെ ലംഘനമാണ് ബില്ലെന്നും ജുഡീഷ്യൽ അവകാശങ്ങളെ ഇത് മറികടക്കുന്നുവെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ആരോപിച്ചു. ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയ ഉവൈസി, ഏതെങ്കിലും കോൺഗ്രസ് നേതാവ് ഈ നിയമപ്രകാരം അറസ്റ്റിലാകുമ്പോഴേ അവർ പഠിക്കൂ എന്നും അഭിപ്രായപ്പെട്ടു.

എതിരഭിപ്രായങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമർത്താൻ വേണ്ടി യു.എ.പി.എ നിയമം ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇത് നിയമരാഹിത്യത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുക എന്നും മുസ്‍ലീം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ബിൽ സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകരതയാണെന്നും എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഇത് ഉപയോഗപ്പെടുത്തുകയെന്നും വി.സി.കെ അംഗം തോൽ തിരുമാവളൻ ആരോപിച്ചു. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ് ബില്ലെന്ന് സി.പി.ഐ അംഗം സുബ്ബരായൻ പഞ്ഞു. ചെറിയ വിയോജിപ്പുകളുടെ പേരിൽ പോലും ജനങ്ങളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താൻ ബിൽ കാരണമാകുമെന്ന് എ.ഐ.യു.ഡി.എഫ് നേതാവ് ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞപ്പോൾ, നിരപരാധികളെ പീഡിപ്പിക്കാൻ നിയമം ഉപയോഗിക്കപ്പെടാമെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.