LiveTV

Live

National

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി; കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ക്രിമിനൽ ഭേദഗതി ബില്ലിനെ അനുകൂലിച്ച് രണ്ട് ബി.ജെ.പി എം.എൽ.എമാർ

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി;  കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ക്രിമിനൽ ഭേദഗതി ബില്ലിനെ അനുകൂലിച്ച് രണ്ട് ബി.ജെ.പി എം.എൽ.എമാർ

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തുമെന്ന വെല്ലുവിളിക്ക് പിന്നാലെ ബി.ജെ.പിക്ക് തിരിച്ചടി. നിയമസഭയിൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ക്രിമിനൽ ഭേദഗതി ബില്ലിനെ അനുകൂലിച്ച് രണ്ട് ബി.ജെ.പി എം.എൽ.എമാർ വോട്ട് ചെയ്തു. ഇരുവരും ഔദ്യോഗികമായി ഉടൻ കോൺഗ്രസിൽ എത്തും എന്നാണ് വിവരം. കര്‍ണാടക സര്‍ക്കാര്‍ വീണതോടെയാണ് ബി.ജെ.പി മധ്യപ്രദേശിനെ ലക്ഷ്യം വച്ച് നീങ്ങിയത്.

സർക്കാറിനെ താഴെയിറക്കാനുള്ള നീക്കം ആരംഭിച്ചതായി ബി.ജെ.പി സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയിരുന്നു. കര്‍ണാടകയിലെ വിധി കമല്‍നാഥിനേയും കാത്തിരിക്കുന്നു എന്നായിരുന്നു മുൻ മുഖ്യമന്ത്രി ശിവരാജ് ചൌഹാന്റെ പ്രതികരണം. നേതൃത്വത്തിൽ നിന്ന് അനുമതി ലഭിച്ചാൽ 24 മണിക്കൂറിനകം കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവയുടെ വെല്ലുവിളി. ഇതിനു തൊട്ടു പിന്നാലെയാണ് ബി.ജെ.പിക്ക് തിരിച്ചടി നൽകിയുള്ള എം.എൽ.എമാരുടെ നീക്കം. സർക്കാർ കൊണ്ടുവന്ന ക്രിമിനൽ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ബി.ജെ.പി എം.എൽ.എമാരായ ശരത് കൗൾ, നാരായൺ ത്രിപാതി എന്നിവരാണ് വോട്ട് ചെയ്തത്. 2004ൽ കോൺഗ്രസ് വിട്ട തനിക്ക് കുടുംബത്തിലേക്കുള്ള മടക്കി വരവാണിതെന്ന് നാരായൺ ത്രിപാതി പ്രതികരിച്ചു.

സർക്കാരിനെ ഇറക്കൽ ബി.ജെ.പിക്ക് അസാധ്യമാണെന്നും ധൈര്യമുണ്ടെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുമാണ് മുഖ്യമന്ത്രി കമൽനാഥിന്റെ മറുപടി. മന്ത്രി ജിതു പട്വാരിയും ബി.ജെ.പിയെ വിമർശിച്ചു. നിലവിൽ 230 അംഗസഭയില്‍ കോണ്‍ഗ്രസിന് 114, ബി.എസ്.പിക്ക് 2, എസ്.പിക്ക് ഒന്ന്, നാല് സ്വതന്ത്രര്‍ എന്നതാണ് നില. ബിജെപിക്ക് 109 സീറ്റുണ്ട്.