LiveTV

Live

National

കൊല്‍ക്കത്തയില്‍ ഒരു കുഞ്ഞ് പിറന്നു, താനാണ് പിതാവെന്ന് അവകാശപ്പെട്ട് മൂന്ന് പേര്‍, തര്‍ക്കം പരിഹരിച്ചതിങ്ങനെ...

ആശുപത്രി അധികൃതരെ അങ്കലാപ്പിലാക്കിയ സംഭവം പൊലീസെത്തിയാണ് പരിഹരിച്ചത്

കൊല്‍ക്കത്തയില്‍ ഒരു കുഞ്ഞ് പിറന്നു, താനാണ് പിതാവെന്ന് അവകാശപ്പെട്ട് മൂന്ന് പേര്‍, തര്‍ക്കം പരിഹരിച്ചതിങ്ങനെ...

യുവതി കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ പിതൃത്വം അവകാശപ്പെട്ട് ആശുപത്രിയിലെത്തിയത് മൂന്ന് പേര്‍. കൊല്‍ക്കത്തയിലാണ് ആശുപത്രി അധികൃതരെ അങ്കലാപ്പിലാക്കിയ സംഭവം നടന്നത്. ഒടുവില്‍ പൊലീസിനെ വിളിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

ശനിയാഴ്ച വൈകുന്നേരമാണ് 21കാരിയായ യുവതി പ്രസവത്തിനായി കൊല്‍ക്കത്തയിലെ ഐ.ആര്‍.ഐ.എസ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രി അധികൃതര്‍ നല്‍കിയ ഫോമില്‍ യുവതിക്കൊപ്പമുണ്ടായിരുന്ന ആള്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് സ്വന്തം പേര് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ യുവതി പെണ്‍കുട്ടിക്ക് ജന്മം നല്‍കി.

രണ്ടാം ദിവസം ആശുപത്രിയിലെത്തിയ മറ്റൊരു യുവാവ് യുവതിയെ കാണണമെന്നും താനാണ് യുവതിയുടെ ഭര്‍ത്താവെന്നും ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ യുവതിക്കൊപ്പം എത്തിയ മറ്റൊരാള്‍ യുവതിയുടെ ഭര്‍ത്താവാണെന്ന് പേപ്പറുകളില്‍ ഒപ്പിട്ടതായി ആശുപത്രി ജീവനക്കാര്‍ ഇയാളോട് പറഞ്ഞു. തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ആശുപത്രിയില്‍ വാക്കേറ്റമുണ്ടായതോടെ അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. രണ്ട് പേരെയും ആശുപത്രിയില്‍ നിന്ന് ഉടന്‍ പുറത്താക്കുകയും ചെയ്തു.

യുവതിയുടെ ഭര്‍ത്താവെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ഇരുവരോടും ആവശ്യപ്പെട്ടു. രണ്ടാമതെത്തിയ യുവാവ് വൈകുന്നേരത്തോടെ വിവാഹ സര്‍ട്ടിഫിക്കറ്റ് എത്തിച്ചു. ഇതോടെ ആദ്യമെത്തിയ ആള്‍ താന്‍ യുവതിയുടെ സുഹൃത്താണെന്ന് പറഞ്ഞു. എന്നാല്‍ യുവതിയുടെ അമ്മ രണ്ടാമത്തെത്തിയ ആളാണ് യുവതിയുടെ ഭര്‍ത്താവെന്ന് അംഗീകരിക്കാന്‍ തയ്യാറായില്ല. യുവതി ലേബര്‍ റൂമില്‍ നിന്ന് പുറത്തുവരുമ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തീരുമാനിച്ചു.

പിന്നാലെയാണ് പൊലീസിനെ കുഴക്കി മൂന്നാമതൊരാള്‍ കുട്ടിയുടെ പിതൃത്വം അവകാശപ്പെട്ട് ആശുപത്രിയിലെത്തിയത്. താന്‍ യുവതിയെ വിവാഹം ചെയ്തിട്ടില്ലെന്നും എന്നാല്‍ തന്‍റെ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചതെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. അര്‍ധരാത്രിയോടെ യുവതിയുമായി സംസാരിച്ച ശേഷമാണ് പൊലീസിന് ഇക്കാര്യത്തില്‍ വ്യക്തത വന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റുമായി വന്ന രണ്ടാമനാണ് തന്‍റെ ഭര്‍ത്താവും കുട്ടിയുടെ അച്ഛനുമെന്ന് യുവതി പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവിന്‍റെ വിശദീകരണം ഇങ്ങനെ- തങ്ങള്‍ പ്രണയത്തിലായിരുന്നു. യുവതി ഗര്‍ഭിണിയായപ്പോള്‍ കുടുംബ ജീവിതം തുടങ്ങാന്‍ കുറച്ചുകൂടി സമയം വേണമെന്ന് താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തനിക്കെതിരെ യുവതി പീഡന പരാതി നല്‍കി. കുറച്ചുകാലം ജയിലില്‍ ആയിരുന്നു. പിന്നീട് ജയിലില്‍ നിന്ന് പുറത്തെത്തി വിവാഹം ചെയ്തെങ്കിലും യുവതിയെ അംഗീകരിക്കാന്‍ തന്‍റെ വീട്ടുകാര്‍ തയ്യാറായില്ല. അതിനാല്‍ തങ്ങള്‍ വേറെയാണ് താമസിച്ചിരുന്നത്. വാട്സ് ആപ്പ് സ്റ്റാറ്റസ് വഴിയാണ് താന്‍ അച്ഛനായ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയത്.