LiveTV

Live

National

‘ജയ്ശ്രീറാം’ വിളിക്കാനാവശ്യപ്പെട്ട് പിഞ്ചുകുഞ്ഞിനെ മർദിക്കുന്ന വീഡിയോ; ബാലാവകാശ കമ്മീഷൻ കേസെടുത്തു  

വീഡിയോ ആഴ്ചകളായി വാട്ട്‌സാപ്പിലും മറ്റും പ്രചരിക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വീഡിയോ കെട്ടിച്ചമച്ചതാണെന്നാണ് സംഘ് പരിവാർ സമൂഹ മാധ്യമങ്ങളിൽ സംഘ് പരിവാർ അനുകൂലികൾ പറയുന്നത്.

‘ജയ്ശ്രീറാം’ വിളിക്കാനാവശ്യപ്പെട്ട് പിഞ്ചുകുഞ്ഞിനെ മർദിക്കുന്ന വീഡിയോ; ബാലാവകാശ കമ്മീഷൻ കേസെടുത്തു  

പിഞ്ചുകുഞ്ഞിനെ കസേരയിൽ ബന്ധിച്ച് 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിക്കുന്ന വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്താൻ ദേശീയ ബാലാവകാശ കമ്മീഷൻ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. കർണാടക പ്രദേശ് മഹിളാ കോൺഗ്രസ് ശനിയാഴ്ച ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത വീഡിയോ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെയാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

58 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു വയസ്സ് തോന്നിക്കുന്ന കുഞ്ഞിനെ കസേരയിൽ ഇരുത്തി കൈ പിടിയിൽ കെട്ടി ഒരു പുരുഷൻ 'ജയ് ശ്രീറാം വിളിക്കൂ' എന്ന് ഹിന്ദി ഭാഷയിൽ നിർബന്ധിക്കുന്ന ദൃശ്യമാണുള്ളത്. സംസാരപ്രായം പോലും എത്തിയിട്ടില്ലാത്ത കുഞ്ഞിന്റെ മുഖത്ത് കൈകൊണ്ട് തട്ടുകയും അടിക്കുകയും ചെയ്യുന്നു. കുഞ്ഞ് നിർത്താതെ കരയുന്നതും വീഡിയോയിലുണ്ട്. മർദിക്കുന്നയാൾ തന്നെയാണ് വീഡിയോ പകർത്തിയത് എന്നാണ് സൂചന.

കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്തു കൊണ്ടാണ് കർണാടക മഹിളാ കോൺഗ്രസ് വീഡിയോ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്തത്. സംസാരിക്കാൻ പോലും കഴിയാത്ത കുഞ്ഞിനെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുന്നുവെന്നു ഇത്തരം സംഭവങ്ങൾ രാജ്യത്ത് നടക്കുമ്പോൾ താങ്കൾ എന്തിനാണ് മന്ത്രിയായി ഇരിക്കുന്നതെന്നും ട്വീറ്റ് ചോദിക്കുന്നു. വീഡിയോ എവിടെ വെച്ച് ചിത്രീകരിച്ചതാണെന്നോ വീഡിയോയിലുള്ളത് ആരാണെന്നോ വ്യക്തമല്ല.

യു.എസ് പൗരനും മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ സി.ജെ വെർലിമാൻ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്തതോടെയാണ് ഈ വീഡിയോ ലോകശ്രദ്ധയിലെത്തുന്നത്. ബ്രൂക്ക്‌ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു മാധ്യമപ്രവർത്തകനായ പാകിസ്താൻ വംശജൻ സെയ്ൻ ഖാന്റെ ഫേസ്ബുക് പേജിൽ നിന്നാണ് വെർലിമാൻ വീഡിയോ എടുത്തത്. മുസ്‌ലിം കുഞ്ഞിനെ ജയ്ശ്രീറാം വിളിപ്പിക്കുന്നു എന്ന സെയ്ൻ ഖാന്റെ ആരോപണം വെർലിമാൻ ട്വിറ്ററിൽ വീഡിയോക്കൊപ്പം ചേർത്തു.

ആധികാരികമെന്ന് ഉറപ്പില്ലാത്ത വീഡിയോ മതവിഭാഗങ്ങളുടെ പേര് ചേർത്ത് ഷെയർ ചെയ്ത വെർലിമാനെതിരെ ആൾട്ട്‌ന്യൂസ് സ്ഥാപകൻ പ്രതീക് സിൻഹയടക്കമുള്ളവർ രംഗത്തുവന്നു. വീഡിയോയുടെ ഉറവിടം വ്യക്തമാക്കിയാൽ ശക്തമായ നടപടിക്കായി ശ്രമിക്കാമെന്ന് ബി.ജെ.പി സോഷ്യൽ മീഡിയ ദേശീയ ഇൻചാർജ് പ്രീതി ഗാന്ധി വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ബാലാവകാശ കമ്മീഷൻ അന്വേഷണം നടത്താൻ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സ്ഥിരീകരിച്ചു കൊണ്ടുള്ള പ്രീതി ഗാന്ധിയുടെ ട്വീറ്റ് വെർലിമാൻ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ ആഴ്ചകളായി വാട്ട്‌സാപ്പിലും മറ്റും പ്രചരിക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വീഡിയോ കെട്ടിച്ചമച്ചതാണെന്നാണ് സംഘ് പരിവാർ സമൂഹ മാധ്യമങ്ങളിൽ സംഘ് പരിവാർ അനുകൂലികളുടെ അവകാശവാദം.