LiveTV

Live

National

വിമത എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്; ഹരജി പരിഗണിക്കുന്നത് സുപ്രിം കോടതി നാളത്തേക്ക് മാറ്റി

നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണം. അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്

വിമത എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്; ഹരജി പരിഗണിക്കുന്നത് സുപ്രിം കോടതി നാളത്തേക്ക് മാറ്റി

കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്. നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണം. അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

അതേസമയം കർണാടകയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താൻ നിർദേശിക്കണമെന്ന ഹരജിയിൽ അടിയന്തരമായി വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഹരജി നാളെ പരിഗണിക്കാന്‍ നോക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിപ്പ് സംബന്ധിച്ച ഉത്തരവില്‍ വ്യക്തത തേടി കോണ്‍ഗ്രസും ജെ.ഡി.എസും സമര്‍പ്പിച്ച ഹരജികള്‍ അഭിഭാഷകര്‍ ഇന്ന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ല.

സ്വതന്ത്ര എം.എൽ.എമാരായ എച്ച്. നാഗേഷും ആർ. ശങ്കറും ഇന്നലെ സമര്‍പ്പിച്ച ഹരജി അഭിഭാഷകനായ മുകുള്‍ റോത്തകിയാണ് ഇന്ന് സുപ്രിം കോടതിയുടെ ശ്രദ്ധയില്‍‌ പെടുത്തിയത്. കുമാരസ്വാമി സര്‍ക്കാരിന് നിലവില്‍ ഭൂരിപക്ഷമില്ല എന്ന് വ്യക്തം. മറിച്ചാണെങ്കില്‍ അത് തെളിയിക്കാനായി ഇന്ന തന്നെ വിശ്വാസ വോട്ട് നടത്താന്‍ സര്‍ക്കാരിനോട് നിര്‍‌ദേശിക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നാളെ പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്നും വ്യക്തമാക്കി. അതിനിടെ കര്‍ണാടകയിലെ എം.എ.എല്‍ മാരുടെ കൂറുമാറ്റവും കുതിര കച്ചവടവും സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ അഭിഭാഷക ലില്ലി തോമസ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടു.

മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമാക്കി തീരുമാനമെടുക്കാനില്ലെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ മറുപടി. ടി.വി വാര്‍ത്തകള്‍ കാണരുതെന്നും പത്രം വായിക്കരുതെന്നും അത്രയും മനസ്സമാധാനം കിട്ടുമെന്നും അഭിഭാഷകയോട് ചീഫ് ജസ്റ്റിസ് സരസമായി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി കുമാര സ്വാമിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും സമര്‍പ്പിച്ച ഹര്‍ജികള്‍ അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ല. നിയമസഭയില്‍ പങ്കെടുക്കാൻ വിമത എം.എൽ.എമാരെ നിർബന്ധിക്കരുതെന്ന ബുധാനാഴ്ചത്തെ വിധിയില്‍ വ്യക്തത വേണമെന്നാണ് ഇവരുടെ ആവശ്യം.

കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സ്പീക്കറോട് ആവശ്യപ്പെട്ടു. നേരില്‍ കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന നിലപാടിലാണ് ബി.ജെ.പി.

Also read: കര്‍ണാടക വിശ്വാസവോട്ടെടുപ്പ് രണ്ടാം സമയ പരിധിയും അവസാനിച്ചു

Also read: കര്‍ണാടക പ്രതിസന്ധിയെ ചൊല്ലി പാര്‍ലമെന്റിലും ബഹളം