LiveTV

Live

National

മുസ്‍ലിമായതിനാല്‍ വിവേചനവും മാനസിക പീഡനവും; പരാതിയുമായി ജെ.എന്‍.യുവിലെ പ്രൊഫസര്‍ ന്യൂനപക്ഷ കമ്മീഷനില്‍  

“ജോലി ഉപേക്ഷിക്കാന്‍ എന്നെ നിര്‍ബന്ധിക്കുകയാണ്. എന്റെയും കുഞ്ഞിന്‍റെയും സുരക്ഷിതത്വം ഓര്‍ത്ത് പേടിയുണ്ട്. ഞാന്‍ ജോലി ഉപേക്ഷിച്ച് പോയില്ലെങ്കില്‍ നജീബിനെ പോലെ എന്നെ കാണാതാകുന്ന സാഹചര്യം ഉണ്ടായേക്കും”

മുസ്‍ലിമായതിനാല്‍ വിവേചനവും മാനസിക പീഡനവും; പരാതിയുമായി ജെ.എന്‍.യുവിലെ പ്രൊഫസര്‍ ന്യൂനപക്ഷ കമ്മീഷനില്‍  

മുസ്‌ലിമായതിന്‍റെ പേരില്‍ വിവേചനവും മാനസിക പീഡനവും നേരിടേണ്ടിവരുന്നുവെന്ന് ജെ.എന്‍.യുവിലെ പ്രൊഫസര്‍ റോസിന നസീര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി റോസിന ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി. തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന്‍ ജെ.എന്‍.യു രജിസ്ട്രാര്‍ക്ക് നോട്ടീസ് അയച്ചു.

സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസീവ് പോളിസി (സി.എസ്.എസ്.ഇ.ഐ.പി) അസിസ്റ്റന്റ് പ്രൊഫസറാണ് റോസിന. വൈസ് ചാന്‍സലര്‍ മാമിഡല ജഗദീഷ് കുമാറും സി.എസ്.എസ്.ഇ.ഐ.പി ചെയര്‍പേഴ്‌സണല്‍ യഗതി ചിന്ന റാവുവും തന്നോട് വിവേചനം കാണിക്കുന്നുവെന്നും ചൂഷണം ചെയ്യുന്നുവെന്നും വേട്ടയാടുന്നുമെന്നുമാണ് റോസിനയുടെ പരാതി.

"ഈ രണ്ട് ‘ശക്തരായ’ പുരുഷന്മാര്‍ ജോലി ഉപേക്ഷിക്കാന്‍ എന്നെ നിര്‍ബന്ധിക്കുകയാണ്. എന്റെയും കുഞ്ഞിന്‍റെയും സുരക്ഷിതത്വം ഓര്‍ത്ത് പേടിയുണ്ട്. ഞാന്‍ ജോലി ഉപേക്ഷിച്ച് പോയില്ലെങ്കില്‍ നജീബിനെ പോലെ എന്നെ കാണാതാകുന്ന സാഹചര്യം ഉണ്ടായേക്കും"- റോസിന ന്യൂനപക്ഷ കമ്മീഷന് അയച്ച പരാതിയില്‍ പറയുന്നു.

2013ല്‍ ജെ.എന്‍.യുവില്‍ എത്തുന്നതിന് മുന്‍പ് നാല് വര്‍ഷത്തോളം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായിരുന്നു റോസിന. ആറ് വര്‍ഷത്തിലേറെയായി താന്‍ ജെ.എന്‍.യുവില്‍ ജോലി ചെയ്യുന്നു, 2017 മാര്‍ച്ച് മുതലാണ് തനിക്ക് മാനസിക പീഡനം നേരിടേണ്ടിവന്നതെന്ന് റോസിന വ്യക്തമാക്കി.

യു.ജി.സി കാലാവധി നീട്ടി നല്‍കിയിട്ടും 2017 ഒക്ടോബറിന് ശേഷം തനിക്ക് ശമ്പളം ലഭിച്ചില്ല. ശമ്പളം ആവശ്യപ്പെട്ടുള്ള കത്തുകള്‍ക്കൊന്നും മറുപടി ലഭിച്ചില്ല. തന്നെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാക്കുകയാണ് ഇതിലൂടെ യൂണിവേഴ്സിറ്റി ലക്ഷ്യമിടുന്നതെന്ന് അവര്‍ പരാതിയില്‍ പറയുന്നു.

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് 2018 നവംബറില്‍ റോസിന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പിടിച്ചുവെച്ച ശമ്പളം കോടതി ഉത്തരവ് പ്രകാരം ലഭിച്ചു. യു.ജി.സി 2020 മാര്‍ച്ച് വരെ റോസിനയുടെ കാലാവധി നീട്ടിയെങ്കിലും 2019 ഏപ്രില്‍ മുതല്‍ വീണ്ടും ശമ്പളം ലഭിക്കാതായെന്ന് റോസിന പറയുന്നു. മുസ്‍ലിമായതിനാല്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് തന്നോട് ഇങ്ങനെ പെരുമാറുന്നത്. ആത്മഹത്യ ചെയ്താലോ എന്ന് പോലും ആലോചിച്ചുപോയിട്ടുണ്ടെന്ന് റോസിന ന്യൂനപക്ഷ കമ്മീഷന് അയച്ച പരാതിയില്‍ പറയുന്നു.

എന്നാല്‍ സര്‍വകലാശാല റോസിനയുടെ വാദം തള്ളി. യു.ജി.സിയുടെ പ്രത്യേക പ്രൊജക്റ്റിന്‍റെ ഭാഗമായാണ് റോസിനയെ നിയമിച്ചതെന്നും സ്ഥിരം ജീവനക്കാരി അല്ലെന്നുമാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം. അവര്‍ക്ക് ശമ്പളം നല്‍കേണ്ടത് യു.ജി.സി ആണെന്നും യൂണിവേഴ്സിറ്റി അല്ലെന്നുമാണ് അവകാശവാദം. എന്നാല്‍ തന്നെപ്പോലെ മറ്റ് യൂണിവേഴ്സിറ്റികളില്‍ നിയമിക്കപ്പെട്ടവരൊന്നും ഈ പ്രശ്നം നേരിടുന്നില്ലെന്ന് റോസിന പറയുന്നു. റോസിനയുടെ പരാതിയില്‍ ന്യൂനപക്ഷ കമ്മീഷന്‍ യൂണിവേഴ്സിറ്റിയുടെ വിശദീകരണം തേടിയിട്ടുണ്ട്.