LiveTV

Live

National

‘ജയ് ശ്രീറാം’ വിളിക്കാനാവശ്യപ്പെട്ട് മർദനം; മുസ്‌ലിം യുവാവിനെ രക്ഷിച്ചത് ഹിന്ദു ദമ്പതികൾ 

അവരെന്നോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു. മൂന്നുപ്രാവശ്യം ജയ്ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് എന്റെ മുഖത്തടിച്ചു.

‘ജയ് ശ്രീറാം’ വിളിക്കാനാവശ്യപ്പെട്ട് മർദനം; മുസ്‌ലിം യുവാവിനെ രക്ഷിച്ചത് ഹിന്ദു ദമ്പതികൾ 

ഔറംഗാബാദ്: മഹാരാഷ്ടയിൽ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് അക്രമികൾ മർദിച്ച മുസ്‌ലിം യുവാവിന് രക്ഷയായത് ഹിന്ദു ദമ്പതികളുടെ ഇടപെടൽ. ഔറംഗാബാദിലെ ഹഡ്‌കോ കോർണറിൽ വെള്ളിയാഴ്ചയാണ് സംഭവം. അക്രമത്തിനിരയായ ഇംറാൻ ഇസ്മായിൽ പട്ടേൽ (28) ആണ് ഹിന്ദു ദമ്പതികൾ രക്ഷക്കെത്തിയ സംഭവം വെളിപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

വെയ്റ്ററായി ജോലി ചെയ്യുന്ന ഇംറാൻ പട്ടേൽ 12 മണിക്ക് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ ബൈക്കുകളിലെത്തിയ സംഘം തടഞ്ഞുവെക്കുകയും ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. 'അവർ എന്റെ മോട്ടോർസൈക്കിളിന്റെ താക്കോൽ പിടിച്ചുവാങ്ങി. അവരെന്നോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു. മൂന്നുപ്രാവശ്യം ജയ്ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് എന്റെ മുഖത്തടിച്ചു. സഹായത്തിനായുള്ള എന്റെ കരച്ചിൽ കേട്ട് അടുത്തുള്ള വീട്ടിൽനിന്ന് ദമ്പതികൾ രക്ഷക്കെത്തുകയായിരുന്നു. എന്നെ മർദിക്കരുതെന്ന് അക്രമികളോട് ആവശ്യപ്പെട്ട അവർ താക്കോൽ തിരികെ വാങ്ങിത്തരികയും ചെയ്തു.'

കല്ല് കൊണ്ട് തന്റെ തലക്കടിക്കാൻ നിന്ന ഒരു അക്രമിയെ ദമ്പതികൾ തടഞ്ഞുവെന്നും, അക്രമികൾ അവരോട് വളരെ മോശമായാണ് പെരുമാറിയതെന്നും ഇംറാൻ പട്ടേൽ പറയുന്നു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ദമ്പതികളുമായി ബന്ധപ്പെട്ടെങ്കിലും അവർ സംസാരക്കാൻ തയ്യാറായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ ജീവന് ഭീഷണിയാകുമെന്നതിനാൽ പ്രതികരിക്കാനില്ലെന്നാണ് അവർ പറഞ്ഞത്.

ഇയാളുടെ പരാതിയിൽ അജ്ഞാതരായ പത്തു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുമെന്നതെന്ന് പൊലീസ് പറഞ്ഞു.