LiveTV

Live

National

രോഗി മരിച്ചിട്ടും ചികിത്സിച്ചു; എന്നിട്ട് ഒരു ലക്ഷം രൂപ ബില്ലിട്ടു, ആശുപത്രിക്കെതിരെ രോഷം

എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം രാജുവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും 12 മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ച് ഒരു ലക്ഷം രൂപ ബില്ലിട്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം

രോഗി മരിച്ചിട്ടും ചികിത്സിച്ചു; എന്നിട്ട് ഒരു ലക്ഷം രൂപ ബില്ലിട്ടു, ആശുപത്രിക്കെതിരെ രോഷം

ആശുപത്രികളിലെ ചികിത്സാ തട്ടിപ്പ് പലവട്ടം മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ രോഗി മരിച്ചിട്ടും ചികിത്സാ നാടകം നടത്തി പണം തട്ടുന്നത് അപൂര്‍വമാണ്. സമാന സംഭവം പശ്ചാത്തലമാക്കി ചില സിനിമകളും ഇറങ്ങിയിട്ടുണ്ട്. ഒടുവിലിതാ, ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പുതിയ വില്ലന്‍. രോഗി മരിച്ചിട്ടും 12 മണിക്കൂറോളം ചികിത്സാ നാടകം നടത്തി ഒടുവില്‍ മരണം സ്ഥിരീകരിച്ച് രോഗിയുടെ കുടുംബത്തിന് ആശുപത്രി അധികൃതര്‍ ഒരു ലക്ഷം രൂപയുടെ ബില്‍ നല്‍കിയെന്നാണ് ആരോപണം. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

സിക്രണ ഗ്രാമവാസിയായ രാജുവിനെ ജൂണ്‍ ഏഴിന് പുലര്‍ച്ച രണ്ടു മണിയോടെയാണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നേറ്റ് രാവിലെ ഒമ്പതു മണിയോടെ രാജു മരണപ്പെട്ടുവെന്നും എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം രാജുവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും 12 മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ച് ഒരു ലക്ഷം രൂപ ബില്ലിട്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ജൂണ്‍ എട്ടിന് വൈകീട്ട് അഞ്ചരയോടെയാണ് രാജുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. 12-24 മണിക്കൂറിന് മുമ്പാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം അന്വേഷിച്ച് മൂന്നംഗ മെഡിക്കല്‍ സംഘം ജില്ലാ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. എസ്.ഡി.എമ്മിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തിയിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ എത്തിയപ്പോള്‍ ആദ്യഗഡു എന്ന നിലയ്ക്ക് 40,000 രൂപയാണ് ആശുപത്രിയില്‍ കെട്ടിവെച്ചതെന്ന് രാജുവിന്റെ ഭാര്യ ശാരദാ ദേവി പറഞ്ഞു. ആ സമയത്ത് 72 മണിക്കൂറിനുള്ളിലേ രോഗിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് പറയാനൂവെന്നാണ് ഡോ. യോഗേന്ദ്ര നാഥ് മിശ്ര തന്നോട് പറഞ്ഞതെന്നും ശാരദാ ദേവി പറഞ്ഞു. പിന്നേറ്റ് രാവിലെ ഒമ്പതു മണിക്ക് കുടുംബാംഗങ്ങളോടൊപ്പം രാജുവിനെ കാണുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ കണ്ണ് അടച്ച് മെഡിക്കല്‍ ടേപ്പ് ഒട്ടിച്ചിരുന്നുവെന്നും ശാരദ പറഞ്ഞു. തുടര്‍ന്ന് ഡോക്ടറോട് ഇക്കാര്യം പറഞ്ഞപ്പോള്‍ 72 മണിക്കൂറിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്യാനോ മറ്റെന്തെങ്കിലും പറയാനോ കഴിയില്ലെന്ന് തീര്‍ത്ത് പറഞ്ഞു. തുടര്‍ന്ന് 60,000 രൂപ കൂടി ബില്ലിട്ടതായും ശാരദ വ്യക്തമാക്കി.

ഇതേസമയം, മെയ്ക് ലാല്‍ വീരേന്ദ്ര നാഥ് ആശുപത്രിയിലെ ഡോ. യോഗേന്ദ്ര നാഥ് മിശ്രയോട് സംഭവത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ വെറും 8000 രൂപ മാത്രമാണ് ചികിത്സാ ചെലവിലേക്ക് ഈടാക്കിയതെന്നായിരുന്നു മറുപടി. ഏതായാലും ആശുപത്രിക്കെതിരെ ജനരോഷം ശക്തമാണ്.